കഴിഞ്ഞദിവസം ഏറ്റുമാനൂരില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം മീനച്ചിലാറ്റില്‍ നിന്നും കണ്ടെത്തി. ഏറ്റുമാനൂര്‍ ജനറല്‍ സ്റ്റോഴ്സ് ഉടമ നൗഷാദിന്റെ മകന്‍ സുഹൈല്‍ നൗഷാദിന്റെ മൃതദേഹമാണ് പൂവത്തുംമൂട് കടവിന് സമീപത്തു നിന്നും കണ്ടെത്തിയത്. ഈമാസം 7നാണ് സുഹൈനിലെ കാണാതായത്. തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വഷണം നടക്കുന്നതിനിടെയാണ് ഞായറാഴ്ച രാവിലെ മീനച്ചിലാറ്റില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. പാത്താമുട്ടം സെന്റ് ഗിറ്റ്സ് കോളേജ് വിദ്യാര്‍ത്ഥിയായ സുഹൈല്‍ ഏഴാംതീയതി പൂവത്തുംമൂട് പാലത്തിന് സമീപം എത്തിയിരുന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് ഏറ്റുമാനൂര്‍ എസ്എച്ച്ഒ എ എസ് അന്‍സലിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി തെരച്ചില്‍ നടത്തിയിരുന്നു.
ഫയര്‍ ഫോഴ്സിന്റെ സ്‌കൂബാ ടീമും സ്ഥലത്തെത്തിയിരുന്നെങ്കിലും ആറ്റിലെ ശക്തമായ ഒഴുക്ക് മൂലം തെരച്ചില്‍ നടത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെ സുഹൈലിന്റെ മൊബൈല്‍ ഫോണ്‍ കരുനാഗപ്പള്ളി ഭാഗത്ത് വച്ച് ഓണായതായി സൂചന ലഭിച്ചിരുന്നു. എന്നാല്‍ ഏറ്റുമാനൂര്‍ പൊലീസ് ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. സുഹൈലിന്റെ ഫോണില്‍ നിന്നും അവസാനം സിഗ്‌നല്‍ ലഭിച്ചത് പൂവത്തുംമൂട് ഭാഗത്തുനിന്നുമാണെന്നാണ് പൊലീസ് പറയുന്നത്. സുഹൈല്‍ പൂവത്തുംമൂട് ഭാഗത്തുകൂടി നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ തെരച്ചില്‍ നടത്തിയത്. ഞായറാഴ്ച രാവിലെ പ്രദേശവാസികളാണ് മീനച്ചിലാറ്റില്‍ മൃതദേഹം കണ്ടത്. ഏറ്റുമാനൂര്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. എന്നാല്‍ ഇതിന് കാരണമെന്തെന്ന് വ്യക്തമായിട്ടില്ല.
0 Comments