റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം ടീച്ചിംഗ് എയ്ഡ് മത്സര വിഭാഗത്തില്‍ തുടര്‍ച്ചയായ ഒന്‍പതാം വര്‍ഷവും ഒന്നാംസ്ഥാനം നേടി ഭരണങ്ങാനം സെന്റ് മേരീസ് ഹൈസ്‌കൂളിലെ അധ്യാപകനായ ജോമോന്‍ കുരുവിള. ആലപ്പുഴയില്‍ നടന്ന സംസ്ഥാനതല മല്‍സരത്തിലും എ ഗ്രേഡ് ഫിസിക്‌സ് അധ്യാപകനായ ജോമോന് ലഭിച്ചു. മാഗ്‌നറ്റിക് ഫീല്‍ഡ്, ബള്‍ബ് സീരീസ്, ലിക്വിഡ് പ്രിസം തുടങ്ങി വിവിധ ശാസ്ത്രീയ പാഠഭാഗങ്ങളിലെ സംശയങ്ങളുടെ കുരുക്കഴിച്ചാണ് ജോമോന്‍ സാറിന്റെ ക്ലാസുകള്‍ നടക്കാറുള്ളത്.
പാഠപുസ്തകങ്ങളില്‍ അച്ചടിച്ചിരിക്കുന്നത് പറഞ്ഞ് മാത്രം പോകാതെ അവയുടെ പ്രായോഗികതലം കുട്ടികള്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ചാണ് അധ്യയനം. കുട്ടികളുടെ സഹായത്തോടെ വിവിധ ടീച്ചിംഗ് എയ്ഡ് വസ്തുക്കള്‍ നിര്‍മിച്ച് ക്ലാസില്‍ അവ അവതരിപ്പിച്ചാണ് പഠനം മുന്നോട്ട് പോകുന്നത്. മത്സരത്തില്‍ പങ്കെടുക്കുന്ന അധ്യാപകരുടെ എണ്ണം വര്‍ധിച്ചെങ്കിലും തുടര്‍ച്ചയായി ഒന്‍പതാം വര്‍ഷവും കോട്ടയം ജില്ലാ ശാസ്ത്രോല്‍സവത്തില്‍ ജോമോന്‍ ഒന്നാമതെത്തി.
സംസ്ഥാനതലത്തില്‍ എ ഗ്രേഡും എല്ലാവര്‍ഷവും ലഭിക്കുന്നു. ഇത്രയും വര്‍ഷങ്ങളായി സംസ്ഥാനതലത്തില്‍ തുടര്‍ച്ചയായി മല്‍സരിക്കുന്നത് താന്‍ മാത്രമാണെന്നും ജോമോന്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ പഠനമികവ് വര്‍ധിക്കുന്നതിനൊപ്പം അധ്യാപകന്റെ നേട്ടത്തിലും സ്‌കൂളിന് അഭിമാനം തന്നെയെന്ന് ഹെഡ്മാസ്റ്റര്‍ ജോജി എബ്രാഹം പറഞ്ഞു. കഴിഞ്ഞ 12 വര്‍ഷമായി ഭരണങ്ങാനം സെന്റ് മേരീസ് ഹൈസ്‌കൂളിലെ ഫിസിക്സ് വിഭാഗം അധ്യാപകനായ ജോമോന്‍ കുരുവിള അധ്യാപകരുടെ സംസ്ഥാനതല ട്രെയ്നര്‍ കൂടിയാണ്. ഫിസിക്സ് പാഠഭാഗത്തിലെ ഏതാണ്ട് എല്ലാ ശാസ്ത്ര പരീക്ഷണങ്ങള്‍ക്കും സ്വന്തമായി നിര്‍മ്മിച്ച ഉപകരണങ്ങള്‍ സാറിന്റെ പക്കലുണ്ട്.
0 Comments