വൈക്കത്തഷ്ടമിയ്ക്ക് സമാപനം കുറിച്ചു നടന്ന ആറാട്ട് ഭക്തിനിര്‍ഭരമായി. തന്ത്രിമാരായ കിഴക്കിനിയേടേത്ത് മേക്കാട് മാധവന്‍ നമ്പൂതിരി, ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി എന്നിവര്‍ ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു. അനുജ്ഞാപൂജ ചെയ്ത് ആറാട്ട് ബലി തൂകിയ ശേഷം കൊടിക്കുറയില്‍ നിന്നും വൈക്കത്തപ്പന്റെ ചൈതന്യം തങ്കവിഗ്രഹത്തിലേക്ക് ആവാഹിച്ചു. വിശേഷാല്‍ പൂജാദികര്‍മങ്ങള്‍ക്കുശേഷം വൈക്കത്തപ്പന്റെ തങ്കത്തിടമ്പ് ആനപ്പുറത്ത് എഴുന്നള്ളിച്ചു.
ഉദയനാപുരം ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനടയില്‍ എത്തിയ വൈക്കത്തപ്പനെ പുത്രനായ ഉദയനാപുരത്തപ്പന്‍ ആചാരമനുസരിച്ച് എഴുന്നള്ളി അരിയും പൂവും തൂകി എതിരേറ്റു. ഉദയനാപുരം ഇരുമ്ബൂഴിക്കരയിലെ ആറാട്ട് കുളത്തില്‍ താന്ത്രികവിധി പ്രകാരം വൈക്കത്തപ്പന്റെ ആറാട്ട് നടന്നു. വാദ്യമേളങ്ങളും സായുധ സേനയും അകമ്പടിയായി. ആറാട്ടിനുശേഷം ഉദയനാപുരം ക്ഷേത്രത്തില്‍ കൂടിപ്പൂജയും ഉണ്ടായിരുന്നു. കൂടിപ്പൂജ വിളക്കിന് ശേഷം ഉദയനാപുരത്തപ്പനോട് വിട പറഞ്ഞു വൈക്കത്തപ്പന്റെ എഴുന്നള്ളിപ്പ് വൈക്കം ക്ഷേത്രത്തിലേക്ക് യാത്രയായി.
0 Comments