Breaking...

9/recent/ticker-posts

Header Ads Widget

ശബരിമല ക്ഷേത്രത്തില്‍ മണ്ഡലപൂജ ഡിസംബര്‍ 26ന് ഉച്ചക്ക് പന്ത്രണ്ടിനും 12.30നും ഇടക്കുള്ള മുഹൂര്‍ത്തത്തില്‍



ശബരിമല ക്ഷേത്രത്തില്‍ മണ്ഡലപൂജ ഡിസംബര്‍ 26ന് ഉച്ചക്ക് പന്ത്രണ്ടിനും 12.30നും ഇടക്കുള്ള മുഹൂര്‍ത്തത്തില്‍ തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തില്‍ നടക്കുമെന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തും ബോര്‍ഡംഗം എ. അജികുമാറും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 


 26ന് നെയ്യഭിഷേകം ഉള്‍പ്പെടയുള്ള ചടങ്ങുകള്‍ ഉണ്ടാകും. അന്നു വൈകിട്ടു രാത്രി പതിനൊന്നു മണിക്കു ഹരിവരാസനം പാടി നട അടക്കുന്നതോടെ മണ്ഡലപൂജ  ചടങ്ങുകള്‍ അവസാനിക്കും. ഡിസംബര്‍ 30  വൈകിട്ട് അഞ്ചുമണിക്ക് മകരവിളക്കു മഹോത്സവത്തിനായി നട വീണ്ടും തുറക്കും. 2025 ജനുവരി 14നാണ് മകരവിളക്ക്. മണ്ഡലപൂജയുമായി ബന്ധപ്പെട്ടു തീര്‍ഥാടകരുടെ എണ്ണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തി. ഡിസംബര്‍ 25ന് 50000, ഡിസംബര്‍ 26ന് 60000 എന്നിങ്ങനെയാണു വെര്‍ച്ചല്‍ക്യൂ വഴി പ്രവേശിപ്പിക്കുന്ന ഭക്തരുടെ എണ്ണം. രണ്ടുദിവസങ്ങളിലും സ്പോട്ട് ബുക്കിങ് 5000 ആയി പരിമിതപ്പെടുത്താന്‍ ഹൈക്കോടതി നിര്‍ദേശമുണ്ടെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു. മകരവിളക്കു മഹോത്സവുമായി ബന്ധപ്പെട്ട് ജനുവരി 13ന് 50000 ഭക്തരെയും ജനുവരി 14ന് 40000 ഭക്തരെയും വെര്‍ച്വല്‍ക്യൂ വഴി അനുവദിക്കും. ചൊവ്വാഴ്ച വരെ 30,87,049 പേരാണ് ദര്‍ശനത്തിന് എത്തിയത്. കഴിഞ്ഞവര്‍ഷം ഇതേസമയം 26,41,141 പേര്‍ എത്തിയെന്നും 4,45,908 ഭക്തര്‍ ഇത്തവണ കൂടുതലായി എത്തിയെന്നും പ്രസിഡന്റ് അറിയിച്ചു. തീര്‍ഥാടനം 38 ദിവസം പിന്നിടുമ്പോള്‍ യാതൊരു അലോസരവുമില്ലാതെ പൂര്‍ണ സംതൃപ്തിയോടെയാണ് അയ്യപ്പന്മാര്‍ മലയിറങ്ങുന്നത്. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ കൂട്ടായ ഉദ്യമത്തിന്റെ ഫലമായി സാധ്യമായതാണ് നേട്ടം. വെര്‍ച്വല്‍ ക്യൂ നിര്‍ബന്ധമാക്കിയയോടെ തിരക്കു നിയന്ത്രിക്കാനായി. കഴിഞ്ഞ വര്‍ഷം വെള്ളി, ശനി, ഞായര്‍ തുടങ്ങിയ ദിവസങ്ങളിലുണ്ടായ ക്രമാതീതമായ തിരക്ക് ഒഴിവാക്കാനായി. 

 മല കയറിയ എല്ലാവര്‍ക്കും ദര്‍ശനത്തിനുള്ള സൗകര്യം ഉറപ്പാക്കി. ആള്‍ക്കൂട്ട നിയന്ത്രണം പോലീസ് മികച്ച രീതിയിലാണ് കൈകാര്യം ചെയ്തത്. വൈദ്യുതിയുടെ കാര്യത്തില്‍ സ്വയം പര്യാപ്തത നേടുന്നതിന് ശബരിമലയില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിനായി ബോര്‍ഡ് നടപടികള്‍ സ്വീകരിച്ചു തുടങ്ങി. ഫെഡറല്‍ ബാങ്ക് അടക്കമുള്ളവര്‍ പദ്ധതി സ്പോണ്‍സര്‍ ചെയ്യാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട് ഇതോടെ വൈദ്യുതിച്ചെലവിനത്തില്‍ വന്‍തുക ലാഭിക്കാനാകും. ദേവസ്വം ബോര്‍ഡിന്റെ പ്രധാനപ്പെട്ട 26 ക്ഷേത്രങ്ങളില്‍ സോളാര്‍ വൈദ്യൂതി സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. ബേസ് ക്യാമ്പായ നിലയ്ക്കലില്‍ ഭക്തര്‍ക്കു വിശ്രമിക്കാനായി സ്ഥാപിക്കുന്ന ഏഴു കെട്ടിടങ്ങളില്‍ മൂന്നെണ്ണത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. ഇതിന്റെ ഉദ്ഘാടനം 26ന് വൈകിട്ട് നാലുമണിക്ക് നിലയ്ക്കലില്‍ വച്ച് ദേവസ്വം വകുപ്പുമന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിക്കും. മൂന്നുനിലകളിലായി നിര്‍മിച്ച കെട്ടിടത്തില്‍ 2200 പേര്‍ക്കു വിശ്രമിക്കാനും വിരിവയ്ക്കാനും സാധിക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. 2018ലെ പ്രളയത്തെത്തുടര്‍ന്നു മുടങ്ങിയ പമ്പാസംഗമം ഇത്തവണ പുനരാരംഭിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തും ബോര്‍ഡംഗം എ. അജികുമാറും  അറിയിച്ചു. ജനുവരി 12ന് വൈകിട്ടു നാലുമണിക്കു ദേവസ്വം വകുപ്പുമന്ത്രി വി.എന്‍. വാസവന്‍ സംഗമം ഉദ്ഘാടനം ചെയ്യും. നടന്‍ ജയറാം ചടങ്ങില്‍ വിശിഷ്ടാതിഥിയായിരിക്കും. ആധ്യാത്മിക, സാംസ്‌കാരിക സംഗമം എന്ന നിലയിലാണ് ചടങ്ങു സംഘടിപ്പിക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് 75 വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ പമ്പാ സംഗമത്തോടനുബന്ധിച്ച്  75 ദീപങ്ങള്‍ തെളിയിക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.

Post a Comment

0 Comments