ഉത്സവ ആഘോഷ കമ്മറ്റികള്‍ക്കും ഫെസ്റ്റിവല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിക്കും ആന ഉടമകള്‍ക്കും ആശ്വാസം പകര്‍ന്ന് ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി നിയന്ത്രണങ്ങള്‍ സുപ്രീംകോടതി സ്റ്റേ ചെയ്തു. ജസ്റ്റിസുമാരായ ബി.വി നാഗരത്‌ന, എന്‍.കെ സിംഗ് എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. തൃശൂര്‍, പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ്.
പൂരം ഉള്‍പ്പെടെയുള്ള ഉത്സവങ്ങള്‍ നിലവിലെ ചട്ടമുപയോഗിച്ച് തന്നെ നടത്താം. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ആണ് ഹര്‍ജിക്കാര്‍ക്കായി ഹാജരായത്. ഉത്സവാഘോഷങ്ങളുടെ നിറം കെടുത്തുന്ന നിയന്ത്രണങ്ങളാണ് കേരള ഹൈക്കോടതി ഉത്തരവിന് ഉണ്ടായിരുന്നത്. കേരള ഹൈക്കോടതി വിധി സ്റ്റേ ചെയ്യപ്പെട്ടതോടെ തൃശൂര്‍ പൂരമടക്കമുള്ള പ്രമുഖ ക്ഷേത്രോത്സവങ്ങള്‍ പഴയപടി നടക്കാനുള്ള സാധ്യത തെളിഞ്ഞിരിക്കയാണ്. ആനകള്‍ തമ്മില്‍ മൂന്ന് മീറ്റര്‍ അകലം പാലിക്കുമ്പോള്‍ സ്ഥലപരിമിതി ഉള്‍പ്പെടെയുള്ള പ്രതിസന്ധികളുണ്ടാകുമെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. സുരക്ഷിതമായി പൂരം നടത്തുകയെന്നത് അതത് ദേവസ്വങ്ങളുടെ ഉത്തരവാദിത്വമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. എന്തെങ്കിലും അക്രമ സംഭവങ്ങളുണ്ടായാല്‍ ദേവസ്വങ്ങള്‍ പിഴയടക്കണം. ഉത്സവങ്ങളിലെ ആന എഴുന്നള്ളിപ്പ് അനിവാര്യമായ മതാചാരമല്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. അനിവാര്യമായ ആചാരമല്ലെങ്കില്‍ ഉത്സവങ്ങള്‍ക്ക് ആന എഴുന്നള്ളത്ത് തുടരാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ആനകള്‍ തമ്മില്‍ മൂന്ന് മീറ്റര്‍ അകലം പാലിക്കണം. മതിയായ വിശ്രമം ആനകള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. എഴുന്നള്ളിപ്പില്‍ ആനയും തീ സംബന്ധമായ കാര്യങ്ങളും തമ്മില്‍ അഞ്ച് മീറ്റര്‍ ദൂര പരിധിയുണ്ടാകണം. ജനങ്ങളും ആനയും തമ്മില്‍ എട്ട് മീറ്റര്‍ ദൂര പരിധി ഉറപ്പാക്കണം. ബാരിക്കേഡ് സംവിധാനം ഒരുക്കണം. രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ ആനകളെ പൊതു നിരത്തില്‍ കൂടി കൊണ്ടു പോകരുത്. ഭക്ഷണം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ സംഘാടകര്‍ കമ്മിറ്റിയെ ബോധിപ്പിക്കണം. ആനയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച ഫിറ്റ്നസ്, ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റുകള്‍ ഉറപ്പാക്കണമെന്നുമാണ് ഹൈക്കോടതി പുറത്തിറക്കിയ മാര്‍ഗരേഖയില്‍ നിര്‍ദേശിച്ചിരുന്നത്. ഇത്തരം നിയന്ത്രണങ്ങള്‍ പാലിച്ച് ക്ഷേത്രോത്സവ എഴുന്നള്ളിപ്പുകള്‍ നടത്താന്‍ കഴിയാത്ത സാഹചര്യമാണുണ്ടായിരുന്നത്. ഇക്കാര്യത്തില്‍ ശക്തമായ എതിര്‍പ്പുമായി വിവിധ സംഘടനകളും രംഗത്തെത്തിയിരുന്നു.
0 Comments