ശബരിമലയില്‍ മണ്ഡല തീര്‍ത്ഥാടനകാലം തുടങ്ങി ഒരു മാസം പിന്നിടുമ്പോള്‍ ഭക്തര്‍ക്ക് സുഗമമായ ദര്‍ശനം സാധ്യമാക്കിയത് കൃത്യമായ മുന്നൊരുക്കം കൊണ്ടാണെന്ന് സന്നിധാനം സ്‌പെഷ്യല്‍ ഓഫീസര്‍ ബി കൃഷ്ണകുമാര്‍ അഭിപ്രായപ്പെട്ടു. വളരെ സന്തോഷത്തോടെയാണ് ഭക്തര്‍ ദര്‍ശനം നടത്തി മടങ്ങുന്നത്.
തീര്‍ത്ഥാടകരുടെ തിരക്ക് കൂടുമ്പോള്‍ പതിനെട്ടാം പടിയില്‍ അത് പ്രതിഫലിക്കും. നേരത്തെ 20 മിനിറ്റ് നീളമുള്ള ഒരു ടേണ്‍ ആയിരുന്നു പതിനെട്ടാം പടിയില്‍ പോലീസുകാരുടെ ഡ്യൂട്ടി. അത് ഒരു ടേണില്‍ 15 മിനിറ്റ് ആക്കി കുറച്ചു. അതോടെ പോലീസുകാരുടെ സമ്മര്‍ദ്ദം കുറയുകയും കാര്യക്ഷമത വര്‍ധിക്കുകയും ചെയ്തു. ഇതോടെ ഭക്തര്‍ക്ക് തടസ്സമില്ലാതെ പതിനെട്ടാം പടി കടന്ന് പോകാവുന്ന സ്ഥിതിയായെന്നും കൃഷ്ണകുമാര്‍ വിശദീകരിച്ചു. ഒരേ സമയം 15 ഓളം പോലീസുകാരാണ് പതിനെട്ടാം പടിയുടെ ഇരു വശത്തുമായി ഡ്യൂട്ടി ചെയ്യുക. 15 മിനിറ്റിന് ശേഷം അടുത്ത സംഘം പോലീസുകാര്‍ ചുമതലയേല്‍ക്കും. ശ്രീകോവിലിന് മുന്നില്‍ ഇപ്പോള്‍ ഒരു വശത്തുനിന്നുള്ള വരിയിലൂടെ മാത്രമാണ് ദര്‍ശനം.അനിയന്ത്രിതമായി ആളുകള്‍ വരുമ്പോള്‍ പമ്പയില്‍ വെച്ചു തന്നെ നിയന്ത്രിക്കുന്ന പദ്ധതിയും വിജയിച്ചു. പമ്പയിലെ പുതുതായി നിര്‍മ്മിച്ച താല്‍ക്കാലിക നടപന്തലില്‍ വെച്ചുതന്നെ ഭക്തരെ നിയന്ത്രിക്കുന്നതിനാല്‍ സന്നിധാനത്തെ തിരക്ക് / നിയന്ത്രണവിധേയമായി. ദിവസേന 70,000 പേര്‍ക്കാണ് വിര്‍ച്വല്‍ ക്യു വഴി പരമാവധി ബുക്കിംഗ്. സ്‌പോട്ട് ബുക്കിംഗ് വരും ദിവസങ്ങളില്‍ കൂടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്‌പെഷ്യല്‍ ഓഫീസര്‍ പറഞ്ഞു. ചാലക്കയം മുതല്‍ സന്നിധാനം വരെ സ്ഥാപിച്ച 89 ക്യാമറകള്‍ വഴിയാണ് പോലീസ് തിരക്ക് തത്സമയം മനസിലാക്കുന്നത്.
ശബരിമല ചീഫ് കോ-ഓര്‍ഡിനേറ്റര്‍ എഡിജിപി എസ് ശ്രീജിത്ത് സന്നിധാനത്തെത്തി ക്രമീകരണങ്ങള്‍ വിലയിരുത്തുന്നുണ്ട്.ഇത്തവണ പോലീസ് ഏര്‍പ്പെടുത്തിയ സ്വാമീസ് ചാറ്റ് ബോട്ടിനും മികച്ച പ്രതികരണമാണ്. തെലുങ്ക്, കന്നട,തമിഴ് ഭാഷയില്‍
ഭക്തരോട് സംസാരിക്കാനുള്ള പരിശീലനം പോലീസുകാര്‍ക്ക് നല്‍കിയിട്ടുണ്ട്. സന്നിധാനത്ത് സ്‌പെഷല്‍ ഓഫീസറായി ഏറ്റവും കൂടുതല്‍ സേവനമനുഷ്ടിച്ച പോലീസ് ഉദ്യോഗസ്ഥരില്‍ ഒരാളാണ് കൊട്ടാരക്കര സ്വദേശിയായ ബി കൃഷ്ണകുമാര്‍. സന്നിധാനം അസിസ്റ്റന്റ് സ്‌പെഷ്യല്‍ ഓഫീസര്‍ ടി.എന്‍ സജീവും, ജോയിന്റ് സ്‌പെഷല്‍ ഓഫീസര്‍ മാനന്തവാടി എഎസ്പി ഉമേഷ് ഗോയലുമാണ്.
0 Comments