Breaking...

9/recent/ticker-posts

Header Ads Widget

ദീപ്തി ബ്രെയില്‍ സാക്ഷരതാ ക്ലാസുകള്‍ക്ക് ഞായറാഴ്ച തുടക്കമായി



കാഴ്ചാ വെല്ലുവിളി നേരിടുന്നവര്‍ക്കായി സംസ്ഥാന സാക്ഷരതാ മിഷന്‍ തയ്യാറാക്കിയ ദീപ്തി ബ്രെയില്‍ സാക്ഷരതാ 
ക്ലാസുകള്‍ക്ക് ഞായറാഴ്ച തുടക്കമായി. 40 ശതമാനം കാഴ്ച പരിമിതിയുള്ളവരെ ബ്രയില്‍ ലിപിയിലുടെ അക്ഷരലോകത്തേക്ക് എത്തിക്കുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. കോട്ടയം ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു ഉദ്ഘാടനം ചെയ്തു.




 ബ്രെയില്‍ ലിപിയുടെ പഠനോപകരണങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിതരണം ചെയ്തു. 46 പേരാണ് ബ്രെയില്‍ ലിപി പഠിക്കുന്നതിന് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മാര്‍ച്ചില്‍ പരീക്ഷ നടത്തുന്ന നിലയില്‍ പഠനസമയം ക്രമപ്പെടുത്തും. ബ്രെയില്‍ ലിപിയില്‍ പ്രാവിണ്യമുള്ള രണ്ടുപേരെ സാക്ഷരതാ മിഷന്‍ ഓണറേറിയം നല്‍കി ഇന്‍സ്ട്രക്ടറായി നിയോഗിച്ചിട്ടുണ്ട്. ഞായറാഴ്ചകളിലാണ് ക്ലാസുകള്‍ ക്രമീകരിക്കുന്നത്. കേരള ഫെഡറേഷന്‍ ഓഫ് ബ്ലൈന്റ് എന്ന സംഘടനയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാല അദ്ധ്യക്ഷനായിരുന്നു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ മുഖ്യാതിഥിയായിരുന്നു. സംസ്ഥാന സാക്ഷരതാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. വി.വി.മാത്യു പദ്ധതി വിശദീകരണം നല്‍കി. ജില്ലാ സാക്ഷരതാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.വി രതീഷ്, കേരള ബ്ലൈന്‍ഡ് ഫെഡറേഷന്‍ ഫോറം ജില്ലാ പ്രസിഡന്റ് തോമസ് മൈക്കിള്‍, സെക്രട്ടറി ഇ.യൂസഫ്, ഇന്‍സ്ട്രക്ടര്‍ കെ.കെ സോമസുന്ദരന്‍, സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍ അന്നമ്മ കെ മാത്യു, താര തോമസ് എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments