ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന ദേശതാലപ്പൊലി ഭക്തിനിര്‍ഭരമായി. ഏഴാച്ചേരി വടക്ക് കൊടുങ്കയത്തില്‍ നിന്നും തെക്ക് പാറപ്പറമ്പില്‍ നിന്നും വൈകിട്ട് ഏഴ് മണിയോടെ ആരംഭിച്ച ദേശതാലപ്പൊലി ഘോഷയാത്രയില്‍ കേരളീയ വേഷം ധരിച്ച നൂറുകണക്കിന് വീട്ടമ്മമാരും പെണ്‍കുട്ടികളും ഉമാ മഹേശ്വരന്‍മാര്‍ക്കുള്ള വഴിപാട് സമര്‍പ്പണമായി താലമെടുത്തു. നാടന്‍ കലാരൂപങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ എത്തിയ ദേശതാലപ്പൊലി ഘോഷയാത്രയ്ക്ക് വഴിനീളെ ഭക്തര്‍ ദീപം തെളിയിച്ചും ആരതി ഉഴിഞ്ഞും എതിരേല്പ് നല്‍കി.
ശിവപാര്‍വ്വതി ഭക്തജനസംഘം സമര്‍പ്പിച്ച രഥത്തിലായിരുന്നു ഉമാമഹേശ്വരന്‍മാരുടെ എഴുന്നള്ളത്ത്. ഏഴാച്ചേരി വിശ്വകര്‍മ്മ ഓഫീസ് അങ്കണം , ഏഴാച്ചേരി ഗുരുമന്ദിരം എന്നിവിടങ്ങളില്‍ ദേശ താലപ്പൊലി ഘോഷയാത്രയ്ക്ക് വരവേല്‍പ്പേകി. കാവിന്‍പുറം ജംഗ്ഷനില്‍ താലപ്പൊലി ഘോഷയാത്രകള്‍ സംഗമിച്ച് സംയുക്ത ഘോഷയാത്രയായി ക്ഷേത്ര സന്നിധിയിലേക്ക് നീങ്ങി. ദേശതാലപ്പൊലി ഘോഷയാത്ര ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നശേഷം വിശേഷാല്‍ ദീപാരാധന, വലിയ കാണിക്ക, ദീപക്കാഴ്ച, വെടിക്കെട്ട് എന്നിവ നടന്നു. താലമെടുപ്പില്‍ പങ്കെടുത്തവര്‍ക്ക് താലപ്രസാദ ഉണ്ണിയപ്പം വിതരണം ചെയ്തു. താലസദ്യയും തുടര്‍ന്ന് കൊച്ചിന്‍ മന്‍സൂറിന്റെ ഗാനമേളയും നടന്നു.
0 Comments