രാമപുരം, പാലവേലി, അമനകര പ്രദേശങ്ങളില്‍ ആരോഗ്യവിഭാഗം നടത്തിയ മിന്നല്‍ പരിശോധനയെത്തുടര്‍ന്നു നാല് ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി. പാചകശാലയില്‍നിന്നും ആഴ്ചകളായി ഭക്ഷണമാലിന്യം നീക്കം ചെയ്യാതിരിക്കുന്നതായും സുരക്ഷിതമല്ലാത്ത തരത്തില്‍ ഭക്ഷണം കൈകാര്യം ചെയ്യുന്നതായും ഉദ്യോഗസ്ഥര്‍ പരിശോധനയില്‍ കണ്ടെത്തി. ഹെല്‍ത്ത് കാര്‍ഡില്ലാതെ ഭക്ഷണം കൈകാര്യം ചെയ്യുന്നതിന് ചുമതലപ്പെടുത്തിയിരുന്ന രണ്ട് ജീവനക്കാരുടെ സേവനം വിലക്കി. ഭക്ഷണശാലയില്‍ പുകയില രഹിത ബോര്‍ഡ് സ്ഥാപിക്കാത്ത മൂന്ന് സ്ഥാപനങ്ങള്‍ക്കെതിരെയും നടപടിയെടുത്തു.
നോട്ടീസ് കലാവാധിക്ക് ശേഷമുള്ള തുടര്‍പരിശോധനയില്‍ പോരായ്മ പരിഹരിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കടുത്ത നടപടികള്‍ ഉണ്ടാകുമെന്നു ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി. രാമപുരം ബ്ലോക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ. കെ. സജിയുടെ നേതൃത്വത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ റിന്‍സ് സി. ഇസ്മായില്‍, റോബിന്‍ യേശുദാസ്, ലക്ഷ്മി ബാബു, അതുല്യ സാബു എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. ആരോഗ്യ മാനദണ്ഡങ്ങള്‍ അവഗണിച്ച് മലിനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷണ ശാലകള്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള കര്‍ശന നടപടികള്‍ തുടര്‍ന്നും ഉണ്ടാകുമെന്നു മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. എന്‍. സുകുമാരന്‍ അറിയിച്ചു.
0 Comments