മഹാരാഷ്ട്ര കൊച്ചുവേളി ലോക്മാന്യ തിലക് എക്‌സ്പ്രസ്സില്‍ നിന്നും രേഖകളില്ലാത്ത 32 ലക്ഷം രൂപ കണ്ടെടുത്തു. സംഭവത്തില്‍ മഹാരാഷ്ട്ര സ്വദേശിയായ പ്രശാന്ത് ശിവജി എന്നയാളും പിടിയിയിലായി. റെയില്‍വേ പോലീസും ആര്‍പിഎഫും എക്‌സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. മഹാരാഷ്ട്രയില്‍ നിന്നും കൊച്ചുവേളിയ്ക്കുള്ള ലോക്മാന്യ തിലക് എക്‌സ്പ്രസ് ചെങ്ങന്നൂരില്‍ എത്തിയപ്പോഴാണ് രേഖകളില്ലാത്ത പണമടങ്ങിയ ബാഗ് കണ്ടെത്തിയത്.
ലഹരി വസ്തുക്കള്‍ കടത്തുന്നത് തടയാനായി റെയില്‍വേ പോലീസും ആര്‍പിഎഫും എക്‌സൈസും സംയുക്തമായി നടത്തിവരുന്ന പരിശോധനയ്ക്കിടെയാണ് ബാഗിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ പണം കാണപ്പെട്ടത്. പണത്തിന്റെ ഉറവിടം സംബന്ധിച്ച് ചോദ്യങ്ങള്‍ക്ക് മറുപടി ലഭിക്കാതെ വന്നതോടെ മഹാരാഷ്ട്ര ചിഗ്ലു സ്വദേശിയായ പ്രശാന്ത് ശിവജിയെ കസ്റ്റഡിയിലെടുത്തു. കോട്ടയം റെയില്‍വേ പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ റെജി പി.ജോസഫ്, എക്സൈസ് ഇന്‍സെക്ടര്‍ രാജേന്ദ്രന്‍, ഇന്റലിജന്‍സ് ഉദ്യോഗസ്ഥനായ ശരത്, ആര്‍പിഎഫ് എഎസ്.ഐ റൂബി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോട്ടയം റെയില്‍വേ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച പ്രതിയെ ഇന്‍കംടാക്സ് അധികൃതര്‍ കസ്റ്റഡിയില്‍ വാങ്ങി. കണ്ടെത്തിയ പണം കള്ളനോട്ട് ആണോ എന്ന് പരിശോധിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും.
0 Comments