ഓസ്‌ട്രേലിയയിലെ നോര്‍തേണ്‍ ടെറിട്ടറി മന്ത്രിസഭാംഗമായ ജിന്‍സണ്‍ ആന്റോ ചാള്‍സിന് സഫലം 55 പ്ലസിന്റെ അഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. കിഴതടിയൂര്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ ആസ്‌ത്രേലിയയിലെ രാഷ്ട്രീയ സാഹചര്യങ്ങളും തെരഞ്ഞെടുപ്പ് രീതികളും ജിന്‍സണ്‍ ആന്റോ ചാള്‍സ് വിശദീകരിച്ചു. കേരളത്തിലെ രാഷ്ട്രീയ പശ്ചാത്തലം ഓസ്‌ട്രേലിയയില്‍ മന്ത്രിസഭയിലെത്താന്‍ സഹായമായതായി അദ്ദേഹം പറഞ്ഞു.
നേഴ്‌സിംഗ് ജോലിയുമായി 2011ല്‍ ഓസ്‌ട്രേലിയയില്‍ എത്തിയത് മുതല്‍ തൊഴിലിനോടൊപ്പം ജന സേവന രംഗത്തെ പ്രവര്‍ത്തനവും നാട്ടിലെ രാഷ്ട്രീയ പശ്ചാത്തലവും ഓസ്‌ട്രേലിയയിലെ നോര്‍തേണ്‍ ടെറിട്ടറി മന്ത്രി സഭയില്‍ ഇടം പിടിക്കാന്‍ കാരണമായതായി മന്ത്രിയായ ജിന്‍സണ്‍ ആന്റോ ചാള്‍സ് പറഞ്ഞു.ഇവിടുത്തേതില്‍ നിന്നും വളരെ വ്യത്യസ്തമാണ് അവിടുത്തെ തെരഞ്ഞെടുപ്പ് രീതി.മത്സരിക്കാന്‍ അപേക്ഷ കൊടുക്കുന്നത് മുതല്‍ വിവിധ ഘട്ടങ്ങളിലുള്ള ടെസ്റ്റുകളും ഇന്റര്‍വ്യൂകളും പാസ്സായി കഴിവ് തെളിയിക്കുന്നവര്‍ക്ക് മാത്രമേ സ്ഥാനാര്‍ഥിത്വം ലഭിക്കൂ. മന്ത്രിയാകാന്‍ വീണ്ടും പല കടമ്പകളും കടക്കണം, അദ്ദേഹം പറഞ്ഞു. മൂന്നോ നാലോ തവണ എം.പി യോ മന്ത്രിയൊ ആയി കാലാവധി കഴിഞ്ഞാലും മുമ്പ് ചെയ്തിരുന്ന തൊഴിലിലേക്ക് മടങ്ങാന്‍ അവര്‍ക്ക് യാതൊരു മടിയുമില്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിക്ക് പോലും ഔദ്യോഗിക വസതികളില്ല എന്ന് കേട്ടത് സദസ്യര്‍ക്ക് അദ്ഭുതവും കൗതുകവുമായി. സഫലം പ്രസിഡന്റ് ശശിധരന്‍ നായര്‍ അധ്യക്ഷത വഹിച്ചു.നഗരസഭാ ചെയര്‍മാന്‍ ഷാജു വി തുരുത്തന്‍ മന്ത്രിയെ പൊന്നാട അണിയിച്ച് ആദരിച്ചു.കൗണ്‍സിലര്‍ ബിജി ജോജോ,സഫലം സെക്രട്ടറി വി.എം.അബ്ദുള്ള ഖാന്‍,രവി പുലിയന്നൂര്‍,മന്ത്രിയുടെ പിതാവ് ചാള്‍സ് ആന്റണി,അനില്‍ തീര്‍ത്ഥം,സുഷമ രവീന്ദ്രന്‍,രമണിക്കുട്ടി എന്നിവര്‍ പ്രസംഗിച്ചു.
0 Comments