അയ്യപ്പഭക്തര്‍ക്ക് സുരക്ഷിതമായ തീര്‍ത്ഥാടനം ഒരുക്കുന്നതിന് എരുമേലി വഴി കാനനപാതയിലൂടെ രാത്രി കാല്‍നടയായി സഞ്ചരിക്കുന്ന അയ്യപ്പഭക്തരുടെ ബാഗില്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റിന്റെ നേതൃത്വത്തില്‍ റെഡ് റിഫ്‌ലക്ടര്‍ സ്റ്റിക്കര്‍ പതിപ്പിച്ചു തുടങ്ങി.
കറുത്ത വസ്ത്രം ധരിച്ച് രാത്രി സഞ്ചരിക്കുന്ന അയ്യപ്പഭക്തരെ വാഹന ഡ്രൈവര്‍മാര്‍ക്ക് എളുപ്പത്തില്‍ കാണുന്നതിനും അപകടങ്ങള്‍ ഒഴിവാക്കുന്നതിനുമായിട്ടാണ് അവരുടെ ഷോള്‍ഡര്‍ ബാഗില്‍ റെഡ് റിഫ്‌ലക്ടര്‍ സ്റ്റിക്കര്‍ പതിപ്പിക്കുന്ന പുതിയ പദ്ധതി ആരംഭിച്ചിരിക്കുന്നത്. റെഡ് റിഫ്‌ലക്ടര്‍ സ്റ്റിക്കര്‍ പതിപ്പിക്കുന്നത് വഴി വാഹനങ്ങളുടെ ഹെഡ്ലൈറ്റില്‍ പ്രതിഫലിച്ച് അയ്യപ്പഭക്തരെ ദൂരെ നിന്നുതന്നെ തിരിച്ചറിയാന്‍ സഹായിക്കും. കോട്ടയം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ സി ശ്യാം ന്റെ നിര്‍ദ്ദേശപ്രകാരം എരുമേലി സേഫ് സോണ്‍ ചീഫ് കണ്‍ട്രോളിങ് ഓഫീസര്‍ ഷാനവാസ് കരീം ,കണ്‍ട്രോളിംഗ് ഓഫീസര്‍ ബി ആഷാ കുമാറിന്റെ നേതൃത്വത്തില്‍ AMVI സെബാസ്റ്റ്യന്‍ പി കെ, റെജി സലാം എന്നിവരാണ് സ്റ്റിക്കര്‍ പതിപ്പിക്കുന്ന പദ്ധതിക്ക് തുടക്കം ഇട്ടിരിക്കുന്നത്.
0 Comments