വിശ്വശാന്തിക്കായുള്ള പ്രാര്‍ത്ഥനയുമായി വടക്കേ ഇന്ത്യയില്‍
നിന്ന് എണ്ണായിരത്തോളം കിലോമീറ്റര്‍ കാല്‍നട യാത്ര ചെയ്ത് രണ്ടംഗ സംഘം ശബരിമല സന്നിധാനത്ത് എത്തി. കാസര്‍കോട് കുഡ്ലു രാംദാസ് നഗര്‍ സ്വദേശികളായ സനത്കുമാര്‍ നായക്, സമ്പത്ത്കുമാര്‍ ഷെട്ടി എന്നിവരാണ് 223 ദിവസം കാല്‍നടയായി യാത്ര ചെയ്ത് അയ്യപ്പ സന്നിധിയിലെത്തിയത്. ബദ്രിനാഥില്‍നിന്ന് തുടങ്ങി വിവിധ തീര്‍ഥാടന കേന്ദ്രങ്ങളും ക്ഷേത്രങ്ങളും സന്ദര്‍ശിച്ചാണ് ഇവര്‍ ഇരുമുടിക്കെട്ടുമേന്തി സന്നിധാനത്ത് എത്തിയത്.
മേയ് 26ന് ട്രെയിന്‍ മാര്‍ഗം കാസര്‍കോട് നിന്ന് തിരിച്ച ഇവര്‍ ബദരിനാഥില്‍ എത്തുകയും, ജൂണ്‍ 2 ന് കെട്ട് നിറച്ച് മൂന്നിന് അവിടെനിന്ന് കാല്‍നടയായി യാത്രതിരിക്കുകയുമായിരുന്നു. അയോധ്യ, ഉജ്ജയിനി, ദ്വാരക, പുരി ജഗന്നാഥ്, രാമേശ്വരം, അച്ചന്‍കോവില്‍, എരുമേലി വഴിയാണ് ഇവര്‍ സന്നിധാനത്ത് എത്തിച്ചേര്‍ന്നത്. സന്നിധാനത്ത് എത്തിയ സനത്കുമാര്‍ നായകിനെയും സമ്പത്ത്കുമാര്‍ ഷെട്ടിയെയും സ്പെഷ്യല്‍ ഓഫീസര്‍ പ്രവീണ്‍, അസി. സ്പെഷ്യല്‍ ഓഫീസര്‍ ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
0 Comments