മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലയില്‍ അഞ്ച് ബ്ലോക്ക് പഞ്ചായത്തുകളിലെയും രണ്ട് നഗരസഭകളിലെയും മുഴുവന്‍ വിദ്യാലയങ്ങളും ഹരിത വിദ്യാലയങ്ങളായി പ്രഖ്യാപിച്ചു. കടുത്തുരുത്തി, ളാലം, പാമ്പാടി, ഈരാറ്റുപേട്ട എന്നീ നാല് ബ്ലോക്കു പഞ്ചായത്തുകളിലെയും ഏറ്റുമാനൂര്‍, ഈരാറ്റുപേട്ട നഗരസഭകളിലെയും മുഴുവന്‍ വിദ്യാലയങ്ങളും ഹരിത വിദ്യാലയങ്ങളായി പ്രഖ്യാപിച്ചു. കടുത്തുരുത്തി ബ്ലോക്കിലെ മുഴുവന്‍ കലാലയങ്ങളും ഹരിത കലാലയങ്ങളുമായി. ജൈവ അജൈവ ദ്രവമാലിന്യ സംസ്കരണ സംവിധാനങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കി ഹരിതകേരളം മിഷന് നടത്തിയ പരിശോധനയിലാണ് ഈ സ്ഥാപനങ്ങളെ ഹരിത വിദ്യാലയങ്ങളായി പ്രഖ്യാപിച്ചത്. അവശേഷിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി മാര്‍ച്ച് 30 നു മുന്‍പായി ഹരിത സ്ഥാപനങ്ങളായി പ്രഖ്യാപിക്കും.
കടുത്തുരുത്തി ബ്ലോക്കിലെ കടുത്തുരുത്തി, കല്ലറ, മുളക്കുളം, വെള്ളൂര്‍, ഞീഴൂര്‍, തലയോലപ്പറമ്പ് എന്നീ ഗ്രാമപഞ്ചായത്തുകളിലെ 76 വിദ്യാലയങ്ങളും, ളാലം ബ്ലോക്കിലെ ഭരണങ്ങാനം, കരൂര്‍, കൊഴുവനാല്‍, കടനാട്, മീനച്ചില്‍, മുത്തോലി എന്നീ ഗ്രാമപഞ്ചായത്തുകളിലെ 81 വിദ്യാലയങ്ങളും പാമ്പാടി ബ്ലോക്കിലെ മണര്‍കാട്, അകലക്കുന്നം, എലിക്കുളം, കൂരോപ്പട, പാമ്പാടി, പള്ളിക്കത്തോട്, മീനടം, കിടങ്ങൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലെ 99 വിദ്യാലയങ്ങളും ഈരാറ്റുപേട്ട ബ്ലോക്കിലെ മേലുകാവ്, മൂന്നിലവ്, പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, തലപ്പലം, തീക്കോയി, തലനാട്, തിടനാട് എന്നീ ഗ്രാമപഞ്ചായത്തുകളിലെ 73 വിദ്യാലയങ്ങളും ഏറ്റുമാനൂര്‍ നഗരസഭയിലെ 18 വിദ്യാലയങ്ങളും ഈരാറ്റുപേട്ട നഗരസഭയിലെ 15 വിദ്യാലയങ്ങളും ആണ് സമ്പൂര്‍ണ ഹരിതാഭമായത്. ക്യാമ്പയിന്റെ ഭാഗമായി നീണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ജെ.എസ് ഫാം, അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ സെന്റ് ചാവറ തീര്‍ത്ഥാടന കേന്ദ്രം, ഭരണങ്ങാനം ഗ്രാമപഞ്ചായത്തിലെ സെന്റ് അല്‍ഫോണ്‍സാ തീര്‍ത്ഥാടന കേന്ദ്രം, പുതുപ്പള്ളി ഗ്രാമപഞ്ചായത്തിലെ പുതുപ്പള്ളി സെന്റ് ജോര്‍ജ്ജ് പളളി, കുമരകം ഗ്രാമപഞ്ചായത്തിലെ കുമരകം പക്ഷി സങ്കേതം, വൈക്കം നഗരസഭയിലെ വൈക്കം ബീച്ച് എന്നീ ആറ് കേന്ദ്രങ്ങള്‍ ഹരിത വിനോദസഞ്ചാര കേന്ദ്രങ്ങളായി പ്രഖ്യാപിക്കും. ജില്ലയില്‍ മുപ്പത് കേന്ദ്രങ്ങളാണ് തെരഞ്ഞെടുത്തിട്ടുള്ളത്. ജില്ലയില്‍ മൂന്നിലവ് ഗ്രാമപഞ്ചായത്തിലെ ഇല്ലിക്കല്‍ക്കല്ല്, മണര്‍കാട് ഗ്രാമപഞ്ചായത്തിലെ നാലുമണിക്കാറ്റ്, കടുത്തുരുത്തി ഗ്രാമപഞ്ചായത്തിലെ മാംഗോ മെഡോസ് അഗ്രിക്കള്‍ച്ചര്‍ തീം പാര്‍ക്ക് എന്നീ മൂന്നു കേന്ദ്രങ്ങള്‍ ഹരിത വിനോദ സഞ്ചാര കേന്ദ്രങ്ങളായി പ്രഖ്യാപിച്ചിരുന്നു. മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലയില്‍ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളും ഹരിത സ്ഥാപനങ്ങളായി മാറുന്ന പ്രവര്‍ത്തനവും ഹരിതകേരളം മിഷന്, ശുചിത്വ മിഷന് എന്നിവരുടെ ഏകോപനത്തില്‍ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.
0 Comments