തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ്, ഡിവിഷനുകളുടെ വിഭജനവും അതിര്‍ത്തി നിര്‍ണയവും സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിനായി ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ഹിയറിങ് കോട്ടയത്ത് നടന്നു. കമ്മീഷന്‍ ചെയര്‍മാനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറുമായ എ. ഷാജഹാന്റെ നേതൃത്വത്തിലാണ് ഹിയറിങ് നടന്നത്. 2024 നവംബര്‍ 18-ന് ഡീലിമിറ്റേഷന്‍ കമ്മീഷന്‍ പ്രസിദ്ധപ്പെടുത്തിയ കരടു ലിസ്റ്റ് സംബന്ധിച്ചുള്ള പരാതികളാണ് പരിഗണിച്ചത്. 562 പരാതികളാണ് ജില്ലയില്‍ ഉണ്ടായിരുന്നത്. നേരിട്ടെത്തിയ മുഴുവനാളുകളുടെയും പരാതികള്‍ കേട്ടതായും അവ ന്യായമായ രീതിയില്‍ തീര്‍പ്പാക്കുമെന്നും ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ചെയര്‍മാന്‍ അറിയിച്ചു.
കമ്മീഷന്‍ അംഗമായ പൊതുമരാമത്ത് വകുപ്പു സെക്രട്ടറി കെ. ബിജു, ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍, ഡീലിമിറ്റേഷന്‍ കമ്മിഷന്‍ സെക്രട്ടറി എസ്. ജോസ്‌നാമോള്‍, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ജിയോ ടി. മനോജ്, ഡീലിമിറ്റേഷന്‍ കമ്മീഷന്‍- ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.വാര്‍ഡ് / ഡിവിഷന്‍ അതിര്‍ത്തികള്‍ മാറിയതു സംബന്ധിച്ചായിരുന്നു പരാതികളേറെയും. കരട് നിര്‍ദ്ദേശപ്രകാരം വാര്‍ഡ് മാറിയപ്പോള്‍ ഒറ്റപ്പെട്ടു പോകുന്നതും വോട്ടു ചെയ്യാന്‍ ഏറെ ദൂരം യാത്ര ചെയ്യേണ്ടി വരുന്നതു മുള്‍പ്പെടെയുള്ള പ്രയാസങ്ങള്‍ പലരും പരാതിയായി ഉന്നയിച്ചു.വാര്‍ഡിന്റെ പേരു മാറ്റിയതു സംബന്ധിച്ചും പരാതികളുണ്ടായി. വാര്‍ഡിലെ പ്രധാന കേന്ദ്രങ്ങളെ ഒഴിവാക്കി അപ്രധാന സ്ഥലങ്ങളുടെ പേര് വാര്‍ഡിന് നല്‍കിയതായാണ് പരാതി. സ്ഥലത്തെ ചില കുടുംബങ്ങളുടെ പേരും സ്ഥാപനങ്ങളുടെ പേരും വാര്‍ഡുകള്‍ക്ക് ഇട്ടതായും പാരാതി ഉയര്‍ന്നു. ഇങ്ങനെയുള്ള പേരുകള്‍ അടിയന്തരമായി മാറ്റുമെന്ന് കമ്മിഷന്‍ മറുപടി നല്‍കി.
0 Comments