വടവാതൂര്‍ ഇ.എസ്.ഐ. ആശുപത്രിയുടെ സമഗ്രവികസനം ലക്ഷ്യമാക്കി പ്രത്യേക പദ്ധതി തയ്യാറാക്കുമെന്ന് അഡ്വ.കെ.ഫ്രാന്‍സിസ് ജോര്‍ജ് എം.പി. പറഞ്ഞു. നിലവിലുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി വടവാതൂര്‍ ഇ.എസ്.ഐ. ആശുപത്രി സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു MP. ആശുപത്രിയില്‍ അടിസ്ഥാന വികസനത്തിനായ ഒട്ടേറെ കാര്യങ്ങള്‍ ഇനിയും ചെയ്യേണ്ടതായിട്ടുണ്ടന്ന് അദ്ദേഹം പറഞ്ഞു. ഹൃസ്വകാല, ദീര്‍ഘകാല അടിസ്ഥാനത്തില്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ നിര്‍ദ്ദേശിച്ചിട്ടുണന്നും അദ്ദേഹം പറഞ്ഞു.
പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് നിര്‍മ്മിക്കുക,വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ആവശ്യമായ ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍,വിവിധ ടെക്‌നീഷ്യന്‍മാര്‍ എന്നിവരെ നിയമിക്കുക, ഡയാലിസിസ് യൂണിറ്റ് ആരംഭിക്കുക, കീമോ ചെയ്യാനുള്ള സൗകര്യം ഒരുക്കുക, സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സുകള്‍ പുതുക്കി പണിയുക, ആംബുലന്‍സ് സര്‍വീസ് തുടങ്ങുക എന്നീ ആവശ്യങ്ങള്‍ നടപ്പിലാക്കണമെന് ഫ്രാന്‍സിസ് ജോര്‍ജ് എം.പി.ക്ക് നല്‍കിയ നിവേദനത്തില്‍ ആശുപത്രി സൂപ്രണ്ട് ഡോ. സി.എസ് അജിത ആവശ്യപ്പെട്ടു. വിജയപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.റ്റി.സോമന്‍ കുട്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗം സിബി ജോണ്‍, ആശുപത്രി സൂപ്രണ്ട് ഡോ.സി. എസ്.അജിത, ആര്‍.എം.ഒ. ഡോ. റ്റിബിന്‍ തോമസ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബാബു.പി.ജോസഫ് കുര്യന്‍ വര്‍ക്കി ആശുപത്രി വികസന സമിതി അംഗങ്ങളായ ആര്‍പ്പുക്കര തങ്കച്ചന്‍,സി.കെ.സ്‌കറിയ എന്നിവര്‍ സംബന്ധിച്ചു.
0 Comments