തീര്‍ത്ഥാടന കേന്ദ്രമായ കടനാട് സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളിയില്‍ വി. സെബസ്റ്റ്യാനോസ് സഹദായുടെ ദര്‍ശന തിരുനാള്‍ ജനുവരി 15 , 16 തീയതികളില്‍ നടക്കും. ജനുവരി 11 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് കൊടിയേറ്റും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും നടക്കും. ജനുവരി 13 വരെ നീളുന്ന കുടുംബ നവീകരണ ധ്യാനത്തിനും ശനിയാഴ്ച തുടക്കമാകും. റവ. ഫാദര്‍ ജോസഫ് പുത്തന്‍പുര നവീകരണ ധ്യാനം നയിക്കും. പതിനഞ്ചാം തീയതി വൈകുന്നേരം മൂന്നിന് വിശുദ്ധരൂപം ചെറിയ പള്ളിയില്‍ പ്രതിഷ്ഠിക്കും. ഇടവകയുടെ 5 കേന്ദ്രങ്ങളില്‍ നിന്നും ആരംഭിക്കുന്ന പ്രദക്ഷിണങ്ങള്‍ വൈകുന്നേരം അഞ്ചുമണിയോടെ പള്ളി കുരിശുംതൊട്ടിയില്‍ സംഗമിക്കും.
തിരിവെഞ്ചിരിപ്പിനെ തുടര്‍ന്ന് വിശുദ്ധന്റെ തിരുസ്വരൂപം ചെറിയ പള്ളിയില്‍ നിന്നും പ്രദിക്ഷണമായി കൊണ്ടുവന്ന് ഇടവക ദേവാലയത്തില്‍ പ്രതിഷ്ഠിക്കും. തുടര്‍ന്ന് നടക്കുന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് ഫാദര്‍ മൈക്കിള്‍ നടുവിലെകൂറ്റ് കാര്‍മികത്വം വഹിക്കും. പ്രദക്ഷിണത്തെ തുടര്‍ന്ന് രാത്രി 9.45 ന് ചെണ്ട ബാന്‍ഡ് ഫ്യൂഷന്‍ അരങ്ങേറും. പ്രധാന തിരുനാള്‍ ദിനമായ ജനുവരി 16ന് രാവിലെ പത്തിന് ആഘോഷമായ തിരുനാള്‍ പാട്ടു കുര്‍ബാനയ്ക്ക് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരക്കല്‍ മുഖ്യകാര്‍മികനാകും. തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം, കഴുന്ന് എഴുന്നള്ളിക്കല്‍ എന്നിവ നടക്കും. രാത്രി ഏഴിന് ജാസി ഗിഫ്റ്റ്, ഗായത്രി നായര്‍, റഹ്മാന് പത്തനാപുരം എന്നിവര്‍ നയിക്കുന്ന മെഗാ മ്യൂസിക്കല്‍ നൈറ്റ്. ജനുവരി 20 തിങ്കളാഴ്ച ഇടവകക്കാരുടെ തിരുനാള്‍ ദിന ചടങ്ങുകളോടെ തിരുനാള്‍ ചടങ്ങുകള്‍ക്ക് സമാപനമാകും. ഫൊറോന വികാരി ഫാ. അഗസ്റ്റിന് അരഞ്ഞാണി പുത്തന്‍പുര , സഹവികാരി ഫാ. ഐസക് പെരിങ്ങാമല, കൈക്കാരന് ബേബി ഈരൂരിക്കല്‍, പ്രസുദേന്തിമാരായ ടോജു പൂവേലില്‍,ബെന്നി നടുവിലേക്കുറ്റ്, കുര്യാച്ചന് കിഴക്കേടത്ത്, കത്തോലിക്ക കോണ്‍ഗ്രസ് ഫൊറോന പ്രസിഡന്റ് ബിനു വള്ളോം പുരയിടം എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
0 Comments