കോട്ടയം നഗരസഭയുടെ അക്കൗണ്ടുകളില്‍ നിന്നും 211 കോടിയിലധികം രൂപ കാണാതായതടക്കമുള്ള ആരോപണങ്ങളില്‍ ശക്തമായ നടപടികള്‍ വേണമെന്ന് ആവശ്യമുയരുന്നു.പണം അക്കൗണ്ടില്‍ എത്താത്തതിന് പിന്നില്‍ വന്‍ അഴിമതിയാണെന്ന് ഇടതുപക്ഷം. നഗരസഭയില്‍ ഇരുപതു വര്‍ഷത്തിലേറെയായി യു.ഡി.എഫ് നേതൃത്വത്തില്‍ മാറി മാറി വന്ന ഭരണ സമിതി അഴിമതിയെ സ്ഥിരം സംവിധാനമാക്കി മാറ്റിയെന്ന വസ്തുതയാണ വെളിപ്പെട്ടിരിക്കുന്നതെന്ന് ഇടതുനേതാക്കള്‍ ആരോപിച്ചു. നഗരസഭയുടെ അക്കൗണ്ടുകളുള്ള ബാങ്ക് ഓഫ് മഹാരാഷ്ട്ര, എസ്ബിഐ, സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നീ ബാങ്കുകളിലെ ഏഴ് അക്കൗണ്ടുകളിലാണ് ഇരുന്നൂറ്റി പതിനൊന്നു കോടിയിലേറെ രൂപയുടെ കുറവുണ്ടായിരിക്കുന്നത് .
നഗരസഭയുടെ ഫ്രണ്ട് ഓഫീസില്‍ സ്വീകരിച്ച് വരവ് വച്ച ചെക്കുകളാണ് പണമായി ബാങ്കുകളിലെത്താതിരുന്നത്. ചെക്കുകള്‍ ബാങ്കിലയച്ച് തുക ലഭിച്ചുവെന്നുറപ്പു വരുത്തുന്നതിനു പകരം ചെക്ക് ലഭിക്കുന്നതോടെ നഗരസഭയില്‍ പണം തരേണ്ടവരുടെ ഫയല്‍ ഒളിപ്പിച്ച് പണം തട്ടുന്ന നിലയാണ് സ്വീകരിച്ചതെന്നും ഇടതുപക്ഷം ആരോപിച്ചു. അഴിമതിക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. അഴിമതിക്കെതിരെ ഒരക്ഷരം സംസാരിക്കാത്ത ബിജെപി അഴിമതി മുതല്‍ പങ്കിടുന്നവരായി മാറിയെന്നും നേതാക്കള്‍ ആരോപിച്ചു. അഴിമതി വിജിലന്‍സ് പ്രത്യക സംഘം അന്വേഷിക്കണണമെന്നും നഗരസഭാ ഭരണ നേതൃത്വം രാജിവച്ചൊഴിയണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. സിപിഎം സംസ്ഥാന കമ്മറ്റിയംഗം അഡ്വ. കെ അനില്‍കുമാര്‍, ഏരിയാ സെക്രട്ടറി ബി ശശികുമാര്‍, നഗരസഭാ പ്രതിപക്ഷ നേതാവ് അഡ്വ. ഷീജ അനില്‍, കൗണ്‍സിലര്‍ ജോസ് പള്ളിക്കുന്നേല്‍, സിപിഐ മണ്ഡലം സെക്രട്ടറി റ്റി.സി ബിനോയി, കേരളാ കോണ്‍ഗ്രസ് എം നേതാവ് സുനില്‍ എബ്രാഹം, എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍പങ്കെടുത്തു.
0 Comments