കുറുപ്പന്തറ മേല്‍പാലം നിര്‍മ്മാണത്തിന്റെ തടസ്സം നീങ്ങുന്നു. മേല്പാല നിര്‍മ്മാണത്തിനെതിരെ കോടതിയിലുണ്ടായിരുന്ന കേസ് തള്ളിയ തോടെയാണ് മേല്‍പാലത്തിനു വഴി തെളിയുന്നത്. മേല്‍പാലം നിര്‍മാണത്തിനു തടസ്സവാദം ഉന്നയിച്ച് പ്രദേശവാസികളായ രണ്ട് പേരാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. ഒന്നോ, രണ്ടോ കക്ഷികള്‍ക്കു വേണ്ടി മേല്‍പാലം നിര്‍മാണം വേണ്ടെന്നു വയ്ക്കാനാകില്ലെന്നു കോടതി നിരീക്ഷിച്ചു. ഹൈക്കോടതിയിലെ ജസ്റ്റിസ് മുരളി പുരുഷോത്തമനാണ് വിധി. പുറപ്പെടുവിച്ചത്. ഏല്ലാ ലവല്‍ ക്രോസുകളും നീക്കി മേല്‍പാലമോ, അടിപ്പാതയോ നിര്‍മിക്കാനാണ് റയില്‍വെ നടപടികള്‍ സ്വീകരിക്കുന്നതെന്നും പൊതുജനത്തിന്റെ സുരക്ഷയ്ക്കു ഇതു അത്യാവശമാണെന്നും കോടതി നിരീക്ഷിച്ചു.
കുറുപ്പന്തറ റെയില്‍വേ ലവല്‍ക്രോസ്സില്‍ മേല്‍പാലം നിര്‍മിക്കുന്നതിനായി 2018 ല്‍ കിഫ്ബിയില്‍ നിന്നു 30.56 കോടി രൂപ അനുവദിച്ചിരുന്നു. റയില്‍വേ അംഗീകാരം ലഭിച്ചതോടെ നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചു സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കി വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതെതുടര്‍ന്നാണ് സമീപവാസികളായ രണ്ടുപേര്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. തുടര്‍ന്ന് 2021 ല്‍ റെയില്‍വേയോട് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ തുടര്‍ നടപടികള്‍ സ്വീകരിക്കരുതെന്നു കോടതി നിര്‍ദേശിച്ചിരുന്നു. ഇതോടെയാണ് മേല്‍പാലം നിര്‍മാണ നടപടികള്‍ നിലച്ചത്. കേസില്‍ സര്‍ക്കാരിനും റെയില്‍വേയ്ക്കുമൊപ്പം മാഞ്ഞൂര്‍ വികസനസമിതിയും കേസില്‍ കക്ഷി ചേര്‍ന്നു. 2024 ഫെബ്രുവരി 26 ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിര്‍വഹിച്ച മേല്‍പാലങ്ങളില്‍ കുറുപ്പന്തറ മേല്‍പാലവും ഉള്‍പെട്ടിരുന്നെങ്കിലും കേസ് മൂലം നടപടികള്‍ നീണ്ടു പോവുകയായിരുന്നു. മാഞ്ഞൂര്‍ പഞ്ചായത്തിന്റെ വികസനത്തില്‍ കുതിപ്പേകുമെന്ന് കരുതുന്ന കുറുപ്പന്തറ റെയില്‍വേ മേല്‍പാലം പൂര്‍ത്തിയാകുന്നതിനൊപ്പം റെയില്‍വേ സ്റ്റേഷന്റെ വികസനവും നടപ്പാക്കണമെന്നാണ് ആവശ്യമുയരുന്നത്.
0 Comments