ഭാഗവത ഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ 104-ാം ജയന്തി ആഘോഷങ്ങള്‍ക്കും ശ്രീമദ് ഭാഗവതാമൃത സത്രത്തിനും മള്ളിയൂര്‍ ക്ഷേത്രാങ്കണത്തില്‍ തുടക്കമായി. ചൊവ്വാഴ്ച വൈകീട്ട് മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ ശ്രീകൃഷ്ണ വിഗ്രഹ പ്രതിഷ്ഠ നടന്നു. 12 ദിവസം നീളുന്ന മഹാസത്രത്തിന് വേദിയിലെ 104 ദീപങ്ങള്‍ തിരുവാതിര സംഘങ്ങളിലെ അമ്മമാരാണ് തെളിച്ചത്. ഫെബ്രുവരി 2 ന് ജയന്തി ആഘോഷവും അനുസ്മരണ സമ്മേളനവും നടക്കും.
ശ്രീമദ് ഭാഗവത മാഹാത്മ്യ പാരായണവും, വെണ്മണി കൃഷ്ണന്‍ നമ്പൂതിരിയുടെ അനുഗ്രഹ പ്രഭാഷണവും നടന്നു. മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ ജയന്തി ആഘോഷത്തോടനുബന്ധിച്ചുളള കലാപരിപാടികള്‍ക്കും തുടക്കമായി.സംഗീതലോകത്തെ വിസ്മയമായ പത്തുവയസുകാരി കുമാരി ഗംഗ ശശിധരന്‍ വയലിന്‍ കച്ചേരി അവതരിപ്പിച്ചു. വയലിന്‍ മാന്ത്രികതയില്‍ ആസ്വാദകഹൃദയങ്ങള്‍ കീഴടക്കുകയായിരുന്നു ഗംഗ. വലിയ സദസ്സാണ് കൊച്ചു കലാകാരിയുടെ വയലിന്‍ കച്ചേരി ആസ്വദിക്കാന്‍ എത്തിയത്. മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരിയാണ് ഭാഗവതാമൃത സത്ര മുഖ്യാചാര്യന്‍. മരങ്ങാട് മുരളീകൃഷ്ണന്‍ നമ്പൂതിരി, ഗുരുവായൂര്‍ രാധാകൃഷ്ണ അയ്യര്‍, പുതിയില്ലം ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ യജ്ഞാചാര്യന്‍മാരാകും. മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ ജയന്തിക്കു മുന്നോടിയായി ഗണേശ മണ്ഡപത്തില്‍ നടന്നുവരുന്ന 66 ദിവസത്തെ മള്ളിയൂര്‍ ഗണേശസംഗീതോത്സവം തിങ്കളാഴ്ച സമാപിച്ചു.
0 Comments