Breaking...

9/recent/ticker-posts

Header Ads Widget

അവയവ മാറ്റ ശസ്ത്രക്രിയ രംഗത്ത് മാര്‍ സ്ലീവാ മെഡിസിറ്റി പാലാ പുതിയ ചരിത്രം കുറിച്ചു



അപകടത്തില്‍ കാല്‍ മുറിച്ചു മാറ്റേണ്ടി വന്ന യുവാവിന്റെ കാര്‍ട്ടിലേജ് - ബോണ്‍ കോംപ്ലക്‌സ് 23കാരന്റെ കാല്‍മുട്ടിലേക്ക് മാറ്റി സ്ഥാപിച്ച് അവയവ മാറ്റ ശസ്ത്രക്രിയ രംഗത്ത് മാര്‍ സ്ലീവാ മെഡിസിറ്റി പാലാ പുതിയ ചരിത്രം കുറിച്ചു. മാര്‍ സ്ലീവാ മെഡിസിറ്റിയിലെ ഓര്‍ത്തോപീഡിക്‌സ് വിഭാഗം സീനിയര്‍  കണ്‍സള്‍ട്ടന്റ് ഡോ.രാജീവ് പി.ബി. യുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. കായംകുളം സ്വദേശിയായ യുവാവിനാണ് ഏഴ് മാസം മുന്‍പ് നടന്ന വാഹനാപകടത്തില്‍ കാല്‍മുട്ടിനുള്ളിലെ കാര്‍ട്ടിലേജും, അസ്ഥിയും നഷ്ടപ്പെട്ടത്.  മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ നടത്തിയ വിദഗ്ധ പരിശോധനയിലാണ് തുടയെല്ലിന്റെ താഴെയായി മുട്ടിനുള്ളില്‍ ഭാരം താങ്ങുന്ന ഭാഗത്ത് അസ്ഥിയും തരുണാസ്ഥിയും നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. 

ചെറുപ്പക്കാരില്‍ കൃത്രിമ സന്ധി വച്ചു പിടിപ്പിക്കുന്നതിന്റെ ദൂഷ്യ ഫലങ്ങള്‍ കണക്കിലെടുത്ത് അനുയോജ്യമായ അല്ലോഗ്രാഫ്റ്റിനായി അയല്‍ സംസ്ഥാനങ്ങളിലെ ടിഷ്യൂ ബാങ്കുകളില്‍ തുടര്‍ന്നു അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു. ഇതിനിടയില്‍ മംഗലാപുരത്തുണ്ടായ അപകടത്തില്‍ ഗുരുതര പരുക്കേറ്റ്  മുട്ടിനു മുകളില്‍ വച്ചു കാല്‍ മുറിച്ചുമാറ്റേണ്ടി വന്ന യുവാവിന്റെ ബന്ധുക്കള്‍ അസ്ഥി ദാനം ചെയ്യാന്‍ സമ്മതം അറിയിച്ചു.  തുടര്‍ന്ന് മൈനസ് 80 ഡിഗ്രി താപനിലയില്‍ പ്രത്യേകം ശീതീകരിച്ച പെട്ടിയില്‍ ട്രെയിന്‍ മാര്‍ഗമാണ് കോട്ടയത്ത് അവയവം എത്തിച്ചത്. ആശുപത്രിയില്‍ അവയവം എത്തിച്ച ഉടന്‍ ഡോ.രാജീവ് പി.ബി യുടെ നേതൃത്വത്തില്‍ ശാസ്ത്രക്രിയ ആരംഭിച്ചു. അനസ്‌ത്യേഷ്യ വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ.സേവ്യര്‍ ജോണ്‍, ഓര്‍ത്തോപീഡിക്‌സ് വിഭാഗത്തിലെ ഡോ.അഭിരാം കൃഷ്ണന്‍, ഡോ.ശരത് എസ്.സി എന്നിവരും ശസ്ത്രക്രിയ ടീമിന്റെ ഭാഗമായി. മൂന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ കാര്‍ട്ടിലേജ് - ബോണ്‍ കോംപ്ലക്‌സ് മാറ്റി സ്ഥാപിച്ചു.. 

ശസ്ത്രക്രിയയ്ക്ക് ശേഷം വേദന കുറഞ്ഞ യുവാവ് മുട്ട് മടക്കാന്‍ തുടങ്ങുകയും ഏതാനും ദിവസത്തിനുള്ളില്‍ ആശുപത്രിയില്‍ നിന്നു സുഖം പ്രാപിച്ചു മടങ്ങുകയും ചെയ്തു. ഏതാനും മാസങ്ങള്‍ക്കകം യുവാവിന് സാധാരണ നിലയിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ സാധിക്കുമെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. റോഡ് അപകടങ്ങളും മറ്റ് കായിക അപകടങ്ങളും സംഭവിച്ച് ഇത്തരത്തില്‍ ഗുരുതര പരുക്കേറ്റവര്‍ക്ക് വിദേശ രാജ്യത്ത് ചെയ്തുവരുന്ന ഈ ശസ്ത്രക്രിയ രീതി കേരളത്തിലും നടത്താന്‍ സാധിക്കുമെന്ന് ഇതോടെ തെളിയിക്കപ്പെട്ടിരിക്കുകയാണ്.   ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ മോണ്‍.ഡോ.ജോസഫ് കണിയോടിക്കല്‍, ചീഫ് ഓഫ് മെഡിക്കല്‍ സര്‍വ്വീസസ് എയര്‍കോമഡോര്‍ ഡോ.പോളിന്‍ ബാബു, ഓര്‍ത്തോപീഡിക്ല് വിഭാഗം മേധാവി ഡോ.മാത്യു എബ്രഹാം, സീനിയര്‍  കണ്‍സള്‍ട്ടന്റ് ഡോ.രാജീവ് പി.ബി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Post a Comment

0 Comments