മുട്ടുചിറ റൂഹാദ്ക്കുദ്ശാ ഫൊറോന പള്ളിയില്‍ രാക്കുളി തിരുനാളിന്റെ പ്രധാന ദിനത്തില്‍ നടന്ന പൂജരാജാക്കന്മാരുടെ കുമ്പിടീല്‍ വിശ്വാസത്തിന്റെ നേര്‍ക്കാഴ്ചയായി. പ്രധാന തിരുനാള്‍ ദിനമായ തിങ്കളാഴ്ച രാവിലെ ആറിന് പാലാ രൂപത വികാരി ജനറല്‍ മോണ്‍. ജോസഫ് കണിയോടിക്കന്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. തുടര്‍ന്ന് കോതനല്ലൂര്‍ വിശുദ്ധ ഗര്‍വ്വാസീസ് പ്രോത്താത്തീസ് ഫൊറോന പള്ളി വികാരി ഫാദര്‍ സെബാസ്റ്റ്യന്‍ പടിക്കക്കുഴിപ്പില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.
പരിശുദ്ധ ദൈവമാതാവിന്റെ തിരുസ്വരൂപത്തില്‍ സ്വര്‍ണ കിരീടം അണിയിക്കലിന് ശേഷം കാര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ട് തിരുനാള്‍ റാസ അര്‍പ്പിച്ചു സന്ദേശം നല്‍കി. ഫാദര്‍ അലക്‌സ് പണ്ടാരക്കാപ്പില്‍ ഫാദര്‍ ജോസഫ് വഞ്ചിപ്പുരക്കല്‍ ഫാദര്‍ ജിബിന്‍ മാണാകുഴി സിഎംഐ എന്നിവര്‍ സഹ കാര്‍മികരായിരുന്നു. ഉച്ചയ്ക്ക് ഒന്നിന് പൂജരാജാക്കന്മാരുടെ കുമ്പിടീല്‍ നടന്നു. ഉണ്ണിശോയുടെയും, പരിശുദ്ധ മറിയത്തിന്റെയും, വിശുദ്ധ യൗസേപ്പിന്റെയും തിരുസന്നിധികളുള്ള പുല്‍ക്കൂട് ഭക്തരായ യുവജനങ്ങള്‍ കൈവെള്ളയില്‍ ഉയര്‍ത്തിപ്പിടിച്ച് പ്രദക്ഷിണം ചെയ്ത് ഉണ്ണീശോയെ പൂജ രാജാക്കന്മാര്‍ കുമ്പിട്ട് ആരാധിക്കുന്ന വിശ്വാസകാഴ്ചയാണ് പൂജ രാജാക്കന്മാരുടെ കുമ്പിടില്‍.
0 Comments