പാലാ കെ.എം മാണി മെമ്മോറിയല്‍ ജനറല്‍ ഹോസ്പിറ്റലില്‍ പുതുതായി സ്ഥാപിക്കുന്ന കാന്‍സര്‍ ആശുപത്രിയുടെ റേഡിയേഷന്‍ ഓങ്കോളജി ബ്ലോക്കിന്റെ നിര്‍മ്മാണത്തിനായി പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 2.45 കോടി രൂപയ്ക്ക് ഭരണാനുമതി ലഭ്യമായതായി ജോസ് കെ.മാണി MP അറിയിച്ചു. കേരള ഹെല്‍ത്ത് റിസേര്‍ച്ച് ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റിക്കാണ് നിര്‍മ്മാണ ചുമതല നല്‍കിയിരിക്കുന്നത്. റേഡിയേഷന്‍ അടക്കമുള്ള ചികിത്സാ സൗകര്യം ഉറപ്പാക്കുന്നതിലെ തടസ്സം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ജോസ് കെ മാണി വിഷയത്തില്‍ ഇടപെട്ടത്.
കോട്ടയം ജില്ലാ പഞ്ചായത്ത്, നാഷനല്‍ ഹെല്‍ത്ത് മിഷന്‍, പാലാ നഗരസഭ എന്നിവര്‍ സംയുക്തമായി ചേര്‍ന്ന് ടെലികോബള്‍ട്ട് യൂണിറ്റ് വാങ്ങാന്‍ തുക ഡെപ്പോസിറ്റ് ചെയ്തെങ്കിലും മെച്ചപ്പെട്ടെ കെട്ടിട സൗകര്യമില്ലാത്തതിനാല്‍ യൂണിറ്റ് സ്ഥാപിക്കാനായില്ല. ഇത് രോഗികള്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് റേഡിയേഷന്‍ ഓങ്കോളജി ബ്ലോക്ക് നിര്‍മ്മിക്കുവാന്‍ എം.പി ഫണ്ടില്‍ 2.45 കോടി രൂപ അനുവദിച്ചത്. സംസ്ഥാനത്ത് തന്നെ ഒരൊറ്റ പ്രോജക്ടിനായി എം.പി ഫണ്ടില്‍ നിന്നും രണ്ടു കോടിയിലധികം ചെലവഴിക്കുന്നതും ആദ്യമാണ്. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ജില്ലയിലെ ഗവണ്‍മെന്റ് ജനറല്‍ ഹോസ്പിറ്റലുകളില്‍ ക്യാന്‍സര്‍ റേഡിയേഷന്‍ സൗകര്യമുള്ള ആദ്യഹോസ്പിറ്റലായി പാലാ മാറും.സംസ്ഥാനത്ത് തന്നെ ആരോഗ്യവകുപ്പിന് കീഴില്‍ എറണാകുളം ജനറല്‍ ഹോസ്പിറ്റലിലും, വയനാട് നല്ലൂര്‍നാട് ട്രൈബല്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലും മാത്രമാണ് റേഡിയേഷന്‍ സൗകര്യമുള്ളത്. ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സിയുടെ കണക്ക് പ്രകാരം രാജ്യത്ത് 4500 ഓളം റേഡിയേഷന്‍ ചികിത്സാസൗകര്യം വേണ്ടിണ്ടത് നിലവില്‍ ആയിരത്തില്‍ താഴെ കേന്ദ്രങ്ങളില്‍ മാത്രമാണ്
ആധുനിക റേഡിയേഷന്‍ സൗകര്യം ഉള്ളത്. കൊബാള്‍ട്ട് ടെലിതെറാപ്പി യൂണിറ്റ്, റേഡിയേഷന്‍ തെറാപ്പി പ്ലാനിംഗ് റൂം, മൗള്‍ഡ് റൂം, ഔട്ട് പേഷ്യന്റ് കാത്തിരിപ്പ് കേന്ദ്രം തുടങ്ങിയവ കൂടാതെ റേഡിയോ തെറാപ്പി സിമുലേറ്റര്‍, ബ്രാക്കി തെറാപ്പി യൂണിറ്റ്, ബ്രാക്കി തെറാപ്പി മൈനര്‍ ഓപ്പറേഷന്‍ തീയറ്റര്‍ തുടങ്ങിയ സൗകര്യങ്ങള്‍ കൂടി ഭാവിയില്‍ ഉള്‍ക്കൊള്ളുന്ന വിധത്തിലാവും കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കുകയെന്ന് ജോസ് കെ.മാണി പറഞ്ഞു. ആകെ 6.18 കോടി രൂപയുടെ ധനസഹായമാണ് പദ്ധതിക്ക് ലഭിക്കുന്നത്. കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ കേന്ദ്ര ആറ്റോമിക് എനര്‍ജി വിഭാഗം ആധുനിക റേഡിയേഷന്‍ സംവിധാനം ഒരുക്കുന്നതിനായി അനുവദിച്ച 5 കോടി രൂപയുടെ ഗ്രാന്റ് കൂടി ലഭ്യമാകും.
ഓരോ വര്‍ഷവും കേരളത്തില്‍ 35000 ത്തോളം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ആദ്യഘട്ടത്തില്‍ രോഗ നിര്‍ണയം നടത്തി ചികിത്സിച്ചു മാറ്റാനുള്ള സൗകര്യമാണ് പാലായില്‍ ഒരുങ്ങുന്നത്.
0 Comments