Breaking...

9/recent/ticker-posts

Header Ads Widget

വിദ്യാഭ്യാസ സാംസ്‌കാരിക പ്രദര്‍ശന മേള ലുമിനാരിയ ജനുവരി 19 മുതല്‍ 26 വരെ



പാലാ സെന്റ് തോമസ് കോളേജിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് വിദ്യാഭ്യാസ സാംസ്‌കാരിക പ്രദര്‍ശന മേള ലുമിനാരിയ ജനുവരി 19 മുതല്‍ 26 വരെ നടക്കും. ചരിത്രം, കല, സാഹിത്യം, സംസ്‌കാരം എന്നീ നാലു മേഖലകളില്‍ നിന്നുള്ള അപൂര്‍വ്വ ദൃശ്യങ്ങളാണ് മേളയില്‍ ഒരുക്കിയിരിക്കുന്നത്. ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, യൂണിവേഴ്‌സല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് തുടങ്ങിയവയില്‍ ഇടം പിടിച്ച പാലാ സ്വദേശി ബിജി ജോസഫ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ശേഖരിച്ച കല്ലുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച സുന്ദര ശില്പങ്ങള്‍ മേളയിലെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഉള്‍പ്പെടുന്നു.  സവിശേഷാകൃതിയിലുള്ള കല്ലുകള്‍ ഒട്ടിച്ചുചേര്‍ത്തുണ്ടാക്കിയിരിക്കുന്ന ആയിരത്തിയഞ്ഞൂറോളം ശില്പങ്ങളാണ്  ബിജി ജോസഫ് പ്രദര്‍ശനത്തിനെത്തിക്കുന്നത്. പെയ്ന്റിംഗ് ബിനാലെയില്‍ ചിത്ര പ്രദര്‍ശനങ്ങള്‍ക്കൊപ്പം തത്സമയ ചിത്രരചനയും വിദ്യാര്‍ത്ഥികള്‍ക്കുള്ള ചിത്രരചനാ പരിശീലനവും ഉണ്ട്. 


റവ.ഫാ. റോയി എം തോട്ടത്തില്‍,  ആര്‍ട്ടിസ്റ്റ് എം.ഡി. സജി, സിസ്റ്റര്‍ മറിയക്കുട്ടി മുല്ലപ്പള്ളില്‍ തുടങ്ങിയവര്‍ നാച്ച്വറലിസ്റ്റിക്, റിയലിസ്റ്റിക്, വിക്ടോറിയന്‍ ശൈലികളിലുള്ള വിവിധ ചിത്രങ്ങളെ പരിചയപ്പെടുത്തും. ജലച്ചായത്തിന്റെയും, എണ്ണച്ചായത്തിന്റെയും,  അക്രിലിക് പെയിന്റിംഗിന്റെയും സവിശേഷതകള്‍ വ്യക്തമാക്കുന്ന നൂറിലധികം ചിത്രങ്ങളാണ് പ്രദര്‍ശനത്തിനായി ഒരുക്കിയിരിക്കുന്നത്. ഗവണ്‍മെന്റ് ആര്‍ക്കിയോളജി വകുപ്പിന്റെയും കോളേജിലെ ഹിസ്റ്ററി ആര്‍ക്കിയോളജി വിഭാഗങ്ങളുടെയും നേതൃത്വത്തില്‍ വിപുലമായ പുരാവസ്തു പ്രദര്‍ശനവുമുണ്ട്. പഴയകാല ചലച്ചിത്ര ദൃശ്യാനുഭവങ്ങളെയും തിയേറ്റര്‍ സങ്കല്പങ്ങളെയും പുനരാവിഷ്‌കരിക്കുന്ന 'വെള്ളിത്തിര'  മൊണ്ടാഷ് ഫിലിം ക്ലബ്ബും ഇംഗ്ലീഷ് വിഭാഗവും ചേര്‍ന്നാണ് ഒരുക്കുന്നത്. താളിയോലകള്‍, പ്രാചീനകൃതികള്‍, പുരാവസ്തുക്കള്‍ എന്നിവയ്ക്ക് പുറമേ ജൂതപ്പള്ളി, ബേക്കല്‍ കോട്ട, നാലുകെട്ട് തുടങ്ങിയവയുടെ മാതൃകകളും കാവിന്റെയും  കളമെഴുത്തിന്റെയും ദൃശ്യാവിഷ്‌കാരവും എം.ടി യുടെ കൃതികളെയും സിനിമകളെയും കഥാപാത്രങ്ങളെയും കേന്ദ്രീകരിച്ചുള്ള എം.ടി നഗറും മലയാള വിഭാഗം ഒരുക്കുന്ന പ്രധാന കാഴ്ചകളാണ് . ഉത്തരേന്ത്യന്‍ ഗ്രാമത്തിന്റെ വലിയ മാതൃക നിര്‍മ്മിച്ച് പാരിസ്ഥിതികവും സാംസ്‌കാരികവുമായ സവിശേഷതകളിലേക്ക് വെളിച്ചം വീശുന്ന അവതരണമാണ് ഹിന്ദി വിഭാഗം ഒരുക്കുന്നത്.  കരകൗശല വിദ്യയുടെ വൈദഗ്ദ്ധ്യത്തെ സന്ദര്‍ശകര്‍ക്ക് നേരിട്ട് കാണാന്‍ അവസരമൊരുക്കുന്ന Pottery, Bamboo Craft  മേളകളില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സംഘങ്ങളാണ് പങ്കെടുക്കുന്നത്. സമീപകാലത്ത് കേരളം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വിപുലമായ കലാ-സാംസ്‌കാരിക-ചരിത്ര മേളയ്ക്കാണ് പാലാ സെന്റ് തോമസ് കോളേജ് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുന്നത്.

Post a Comment

0 Comments