പാലാ മീനച്ചിലില്‍ നിന്നും കാണാതായ വയോധികനുവേണ്ടി പോലീസിന്റെ വ്യാപക തെരച്ചില്‍. പാലാ മീനച്ചില്‍ പടിഞ്ഞാറേമുറിയില് മാത്തച്ചന് എന്ന് വിളിക്കുന്ന മാത്യൂ തോമസ് എന്ന 84-കാരനെയാണ് വീടിനു സമീപത്തുനിന്നു കാണാതായത്. ഡിസംബര്‍ 21 നാണ് ഇദ്ദേഹത്തെ കാണാതായത്. വീട്ടില്‍ നിന്നും അധിക ദൂരം പോകാന്‍ സാധ്യതയില്ലെന്ന് നിഗമനത്തില്‍ വീടിന് രണ്ട് കിലോമീറ്റര്‍ ചുറ്റളവിലാണ് ശക്തമായ തിരച്ചില്‍ നടത്തിയത്. എന്നാല്‍ തെരച്ചില്‍ വിഫലമായി. എ ആര് ക്യാമ്പില്‍ നിന്നും മറ്റ് സബ് ഡിവിഷനുകളില്‍ നിന്നുമായി എഴുപതോളം പോലീസുകാരാണ് തിരച്ചില്‍ സംഘത്തിലുണ്ടായിരുന്നത്.
മനുഷ്യ ശരീരത്തിന്റെ ഗന്ധം കണ്ടെത്താന്‍ കഴിയുന്ന കടാവര്‍ ഡോഗുകളും സംഘത്തില്‍ ഉണ്ടായിരുന്നു. പാലാ ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തിലാണ് തിരച്ചില്‍ നടത്തിയത്. വീടുകളിലും പുരയിടങ്ങളിലും ആളൊഴിഞ്ഞ പറമ്പുകളിലും ഒരു സ്ഥലവും വിട്ടു പോകാതെയാണ് തിരച്ചില്‍ നടക്കുന്നത്. പ്രായംചെന്ന ആളായതുകൊണ്ട് കൂടുതല്‍ അധിക ദൂരം പോയിട്ടുണ്ടാകില്ല എന്നാണ് പോലീസ് കരുതുന്നത്. കാണാതാകുമ്പോള്‍ മാത്തച്ചന്റെ കൈവശം മൊബൈല്‍ഫോണോ പണമോ ഉണ്ടായിരുന്നില്ല. 21 ന് പത്തുമണിയോടെ ഒരു വാഹനത്തിന്റെ ഡോര്‍ പലവട്ടം തുറന്നടയ്ക്കുന്നതു കേട്ടുവെന്നു സമീപവാസികള്‍ വ്യക്തമാക്കിയിട്ടുണ്ട്. സമീപവീടുകളില്‍ സിസിടിവി ഇല്ലാതിരുന്നതും അന്വേഷണത്തിന് തടസമായി. രാവിലെ നടക്കാന്‍ ഇറങ്ങിയ മാത്തച്ചന് ഉച്ചയായിട്ടും തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പാലാ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും പോലീസ് അന്വേഷണമാരംഭിക്കുകയും ചെയ്തു. പോലീസ് തുടക്കത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും തുടര്‍ന്ന് അന്വേഷണം നിലയ്ക്കുകയായിരുന്നു. മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു.
0 Comments