അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാല പുരുഷ വിഭാഗം വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് തിങ്കളാഴ്ച മുതല്‍ പാലാ സെന്റ് തോമസ് കോളേജില്‍ നടക്കും. ഇന്ത്യയിലെ വിവിധ സോണുകളില്‍ നിന്നായി യോഗ്യത നേടിയ 16 ടീമുകളാണ് അഖിലേന്ത്യ അന്തര്‍ സര്‍വകലാശാല ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കുന്നത്. തിങ്കളാഴ്ച രാവിലെ 6.30 മുതല്‍ ജിമ്മി ജോര്‍ജ് സ്റ്റേഡിയം, സെന്റ് തോമസ് കോളേജ്, ഇന്റഗ്രേറ്റഡ് സ്‌പോര്‍ട്സ് കോംപ്ലക്‌സ് സെന്റ് തോമസ് കോളേജ്, പാലാ അല്‍ഫോന്‍സാ കോളേജ് എന്നീ മൂന്ന് വേദികളില്‍ ആയിട്ടാണ് പ്രാഥമിക ലീഗ് റൗണ്ട് മത്സരങ്ങള്‍ മത്സരങ്ങള്‍ അരങ്ങേറുന്നത്. നോക്ക്ഔട് മത്സരങ്ങള്‍ ബുധനാഴ്ച രാവിലെ 6.30 മുതല്‍ ആരംഭിക്കും.
മുന്‍ വര്‍ഷത്തെ ജേതാക്കളായ എസ്.ആര്‍.എം യൂണിവേഴ്‌സിറ്റി ചെന്നൈ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, മദ്രാസ് യൂണിവേഴ്‌സിറ്റി, കുരുക്ഷേത്ര യൂണിവേഴ്‌സിറ്റി, ഗുരുനാനാക്ക് ദേവ് യൂണിവേഴ്‌സിറ്റി പഞ്ചാബ്, പഞ്ചാബി യൂണിവേഴ്‌സിറ്റി തുടങ്ങിയ പ്രമുഖ ടീമുകള്‍ ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കും. മത്സരങ്ങളുടെ ഉദ്ഘാടനം തിങ്കളാഴ്ച വൈകുന്നേരം നാല് മണിക്ക് വോളിബോള്‍ ഇതിഹാസവും കോളേജിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ ജിമ്മി ജോര്‍ജിന്റെ നാമധേയത്തിലുള്ള സ്റ്റേഡിയത്തില്‍ നടക്കും. കേരള സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രിയും പാലാ സെന്റ് തോമസ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം നിര്‍വഹിക്കും. മഹാത്മാഗാന്ധി സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊഫ. ഡോ സി.റ്റി അരവിന്ദകുമാര്‍ അധ്യക്ഷത വഹിക്കും.
മാണി സി കാപ്പന്‍ MLA ജേതാക്കള്‍ക്കുള്ള ട്രോഫികള്‍ അനാച്ഛാദനം ചെയ്യും. ടൂര്‍ണമെന്റ് വെള്ളിയാഴ്ച വൈകുന്നേരം സമാപിക്കും. ജേതാക്കള്‍ക്കുള്ള ട്രോഫികള്‍ സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ സമ്മാനിക്കും. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സിബി ജയിംസ്, വൈസ് പ്രിന്‍സിപ്പല്‍ ഫാദര്‍ സാല്‍വിന്‍ കാപ്പിലിപറമ്പില്‍, ആശിഷ് ജോസഫ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
0 Comments