കടുത്തുരുത്തിയില്‍ ഓണ്‍ലൈന്‍ ട്രേഡിംങ് തട്ടിപ്പിലൂടെ വൈദികന്റെ ഒന്നര കോടി രൂപ തട്ടിയെടുത്ത സംഭവത്തില്‍ രണ്ടു പ്രതികള്‍ പിടിയില്‍. വൈദികന്റെ കയ്യില്‍ നിന്നും തട്ടിയെടുത്ത പണം എടിഎമ്മില്‍ നിന്നും പിന്‍വലിച്ച തട്ടിപ്പ് സംഘാംഗങ്ങളായ രണ്ടു പേരെയാണ് പൊലീസ് സംഘം പിടികൂടിയത്. താമരശേരി പെരുമ്പള്ളി കുന്നത്ത് വീട്ടില്‍ മുഹമ്മദ് മിനാജ് (21), ചെറുപ്ലാട് ഷംനാദ് (32) എന്നിവരെയാണ് കടുത്തുരുത്തി സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്പെക്ടര്‍ റെനീഷ് അറസ്റ്റ് ചെയ്തത്. 2024 നവംബര്‍ മുതല്‍ ജനുവരി 15 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്.
.

. കോതനല്ലൂര്‍ സ്വദേശിയായ തൂവാനീസ പ്രാര്‍ത്ഥനാലയത്തിലെ അസി.ഡയറക്ടര്‍ ഫാ.ടിനേഷ് കുര്യനില്‍ നിന്നാണ് പണം തട്ടിയെടുത്തത്. ഓണ്‍ലൈന്‍ ട്രേഡിംങിലൂടെ 850 ശതമാനം ലാഭവിഹിതം നല്‍കാമെന്നു വാഗ്ദാനം ചെയ്താണ് പ്രതികള്‍ വൈദികനെ കബളിപ്പിച്ചത്. പ്രമുഖ കമ്പനിയുടെ പേരിലുള്ള മൊബൈല്‍ ആപ്പ് ഉപയോഗിച്ചാണ് തട്ടിപ്പ് സംഘം വൈദികനെ കുടുക്കിയത്. ഇതേ തുടര്‍ന്ന്, സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും സഭയിലെ പരിചയക്കാരില്‍ നിന്നുമായി പണം സ്വരൂപിച്ച് ഒന്നരക്കോടി രൂപ നിക്ഷേപിക്കുകയായിരുന്നു. പണം നഷ്ടമായതായി തിരിച്ചറിഞ്ഞതോടെ ഇദ്ദേഹം കോട്ടയം കടുത്തുരുത്തില്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഉത്തരേന്ത്യന്‍ സംഘമാണ് തട്ടിപ്പിന് പിന്നിലെന്നു കണ്ടെത്തി. വിവിധ അക്കൗണ്ടുകളിലേയ്ക്കാണ് പണം തട്ടിപ്പ് സംഘം വകമാറ്റിയിരിക്കുന്നതെന്നും കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കേരളത്തിലെ വിവിധ എടിഎമ്മുകളില്‍ നിന്നും എട്ടു തവണയായി 1.40 ലക്ഷം രൂപ പിന്‍വലിച്ചതായി കണ്ടെത്തിയത്. ഈ അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ താമരശേരി സ്വദേശികളുടെ വിലാസം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് എസ്.എച്ച്.ഒ റെനീഷ് സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ അനീഷ് ഇ.എ, സുമന്‍ പി.മണി, അജീഷ്, അജിത് എന്നിവര്‍ അടങ്ങുന്ന സംഘം പ്രതികളെ കസ്റ്റഡിയില്‍ എടുത്തു. ഉത്തരേന്ത്യയിലെ തട്ടിപ്പ് സംഘത്തിന്റെ കണ്ണികളാണ് പിടിയിലായ പ്രതികളെന്നു പൊലീസ് പറഞ്ഞു. ഡിസംബര്‍ 31 മുതല്‍ ജനുവരി 15 വരെയുള്ള ദിവസത്തിനിടെ 17 ലക്ഷം രൂപയുടെ മുകളിലുള്ള ഇടപാടാണ് മിനാജിന്റെ അക്കൗണ്ട് വഴി നടന്നതെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ അക്കൗണ്ടുകളും ഫോണ്‍ കോളുകളും വിശദമായി പൊലീസ് പരിശോധിച്ചു വരികയാണ്. ഇവരുടെ അക്കൗണ്ടുകള്‍ അടക്കം പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. സംഘത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കുമെന്നും പൊലീസ് അറിയിച്ചു.
0 Comments