ഇന്‍സ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പ്ലസ് ടു വിദ്യാര്‍ത്ഥിയ്ക്ക് മര്‍ദ്ദനം. കോട്ടയം മൂന്നിലവിലാണ് സംഭവം. മൂന്നിലവ് സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ത്ഥിയ്ക്കാണ് മര്‍ദ്ദനമേറ്റത്. ഇതേ സ്‌കൂളിലെ രണ്ടു വിദ്യാര്‍ത്ഥികളും മറ്റൊരു സ്‌കൂളിലെ രണ്ടുപേരും ചേര്‍ന്നാണ് തന്നെ മര്‍ദ്ദിച്ചതെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. ദേഹമാസകലം പരിക്കേറ്റ കുട്ടി ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ശനിയാഴ്ചയായിരുന്നു സംഭവം.
ഇന്‍സ്റ്റഗ്രാമില്‍ വന്ന ഒരു പോസ്റ്റിനടിയിലെ അക്ഷരത്തെറ്റ് ചൂണ്ടിക്കാണിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഇത് ചൊല്ലി ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടാവുകയും സംസാരിക്കാം എന്ന് പറഞ്ഞ് വിളിച്ചു വരുത്തുകയുമായിരുന്നു. വീടിനടുത്തുള്ള ഒഴിഞ്ഞ വീടിന് സമീപം വെച്ച് കാറില്‍ എത്തിയ നാലംഗ സംഘം ആക്രമിക്കുകയായിരുന്നു. കാറില്‍ കരുതിയിരുന്ന പിവിസി പൈപ്പ് കൊണ്ട് തലയ്ക്കടിക്കുകയും ചവിട്ടി വീഴ്ത്തുകയും ചെയ്തു. ഓടാന്‍ ശ്രമിച്ചപ്പോള്‍ പിടിച്ചു നിര്‍ത്തിയും മര്‍ദ്ദിച്ചു. നിലത്തുവീണ കുട്ടിയെ ദേഹമാസകലം ചവിട്ടി പരിക്ക് ഏല്‍പിക്കുകയും ചെയ്തു.
സമീപവാസികള്‍ വരുന്നത് കണ്ടു ഇവര്‍ കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. വീട്ടുകാര്‍ ചേര്‍ന്ന് പിന്നീട് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു. അക്രമി സംഘത്തില്‍ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥികളില്‍ ചിലര്‍ ലഹരിക്ക് അടിമകളാണെന്ന് വിദ്യാര്‍ത്ഥി പറയുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ടവരില്‍ ഒരാള്‍ മുന്‍പ് റബ്ബര്‍ റോളര്‍ മോഷണകേസില്‍ ഉള്‍പ്പെട്ടയാളാണ്. സംഭവത്തില്‍ പരാതി നല്‍കുമെന്നും കേസുമായി മുന്നോട്ടുപോകുന്നു പിതാവ് പറഞ്ഞു.
0 Comments