Breaking...

9/recent/ticker-posts

Header Ads Widget

ഉപയോഗശൂന്യ പ്ലാസ്റ്റിക്ക് കവറുകള്‍ കൊണ്ടാരുക്കിയ കേരള ഭൂപടം കൗതുകമായി.



ഉപയോഗശൂന്യ പ്ലാസ്റ്റിക്ക് കവറുകള്‍ കൊണ്ടാരുക്കിയ കേരള ഭൂപടം കൗതുകമായി. ഉപയോഗശൂന്യമായ പ്ലാസറ്റിക് കവറുകളുപയോഗിച്ച് നിര്‍മിച്ച കേരളത്തിന്റെ ഭൂപടം  പ്ലാസ്റ്റിക് വിപത്തിന്റെ നേര്‍ പ്രതീകമായി മാറുകയായിരുന്നു . തദ്ദേശ സ്വയംഭരണ വകുപ്പും  രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാനും ചേര്‍ന്ന്  അജൈവ മാലിന്യങ്ങളുടെ പരിസ്ഥിതി മലിനീകരണത്തിനെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായാണ് പ്ലാസ്റ്റിക്  കൊണ്ട് കേരളത്തിന്റെ ഭൂപടം കോട്ടയം സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ ഒരുക്കിയത്.  പരിപാടി അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എസ്. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു.  തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബിനു ജോണ്‍ അധ്യക്ഷത വഹിച്ചു. മാലിന്യ മുക്ത കേരളം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പരിപാടി ബ്ലോക്ക് തലങ്ങളിലേക്കും വ്യാപിപ്പിക്കും. വലിച്ചെറിയല്‍ മുക്ത ക്യാമ്പയിന്റെ ഭാഗമായി ജില്ലയില്‍ എം.സി. റോഡ് കടന്ന് പ്രദേശങ്ങള്‍ സൗന്ദര്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി കില ജില്ലാ ഫെസിലിറ്റേറ്റര്‍  ബിന്ദു അജിയ്ക്കും നഗരസഭകളുടെ സൗന്ദര്യവല്‍ക്കരണത്തിനായി ജില്ലാ ശുചിത്വ മിഷന്‍ റിസോഴ്സ് പേഴ്സണ്‍ നിഷാ ഷാജിയ്ക്കും അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എസ്. ശ്രീജിത്ത് ചെടികള്‍ കൈമാറി.


രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാന്‍ അംഗങ്ങളാണ് പാഴ് വസ്തുക്കള്‍ ഉപയോഗിച്ച് കേരളത്തിന്റെ ഭൂപടം നിര്‍മ്മിച്ചത്. ഉപയോഗശൂന്യമായ വസ്തുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച അലങ്കാര വസ്തുക്കളുടെ പ്രദര്‍ശനവും നടന്നു. അവ നിര്‍മ്മിച്ച വിദ്യാര്‍ഥി ആദിത്യ ബാബുവിനെ ചടങ്ങില്‍ അനുമോദിച്ചു. കളയാനുള്ളതല്ലാം കമനീയ വസ്തുക്കളാക്കുന്ന ആദിത്യ ബാബുവിന്റെ കലാസൃഷ്ടികളും ശ്രദ്ധേയമായി. ഇവയൊന്നും  വലിച്ചെറിയാനുള്ളതല്ല,  എല്ലാം കൗതുകമുണര്‍ത്തുന്ന കൗശല വസ്തുക്കളാക്കി മാറ്റും ഈ മിടുക്കി. തദ്ദേശ സ്വയം ഭരണ വകുപ്പും രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാനും ചേര്‍ന്ന് കോട്ടയം സിവില്‍ സ്റ്റേഷനില്‍ സംഘടിപ്പിച്ച മാലിന്യമുക്ത അവബോധന പരിപാടിയില്‍  ആദിത്യയുടെ  സൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചു. സാധാരണയില്‍ നിന്നും വ്യത്യസ്തമാണ് ആദിത്യയുടെ
 'ബോട്ടില്‍ ആര്‍ട്ട്'. കുപ്പികളിലെ ചിത്രവര്‍ണ്ണങ്ങള്‍ക്കു പുറമേ മുത്തുകള്‍ കൊണ്ടും വര്‍ണ്ണ നൂലുകള്‍ കൊണ്ടുമുള്ള  തൊങ്ങലുകള്‍ അവയ്ക്ക് പുതുമ പകരുന്നു. കവിളംമടലിന്റെ ഒരു കഷണം പോലും ഇവിടെ ക്യാന്‍വാസാണ്.  പ്ലാസ്റ്റിക് കുപ്പികള്‍,  പേപ്പര്‍ കപ്പുകള്‍, കാര്‍ഡ്‌ബോര്‍ഡുകള്‍, പഴയ പത്രങ്ങള്‍,  ചിരട്ട, തെര്‍മോകോള്‍ തുടങ്ങിയവയെല്ലാം കലാകാരിയുടെ കൈ തൊട്ടപ്പോള്‍ കമനീയമായി.  ചെറുപ്പം മുതലേ ചിത്രരചനയിലും കരകൗശലത്തിലും ആദിത്യ ശ്രദ്ധ നല്‍കിയിരുന്നു. അറുനൂറോളം കരകൗശലങ്ങള്‍ ഇതുവരെ നിര്‍മ്മിച്ചു. കിടങ്ങൂര്‍ എന്‍.എന്‍.എസ്. സ്‌കൂളില്‍നിന്ന് പ്ലസ് ടു പഠനം പൂര്‍ത്തിയാക്കി. ഇനി ഫാഷന്‍ ഡിസൈനിംഗ് മേഖലയിലേക്ക് കടക്കാനാണ് ആഗ്രഹം. പൂര്‍ണ്ണ പിന്തുണയുമായി കുടുംബവും ഒപ്പമുണ്ട്. കിടങ്ങൂര്‍ ഉത്തമേശ്വരം ക്ഷേത്രത്തിനു സമീപം തോട്ടുംകരയില്‍ വീട്ടില്‍ ബി. ബാബുവിന്റെയും സുവര്‍ണ്ണാ ദേവിയുടെയും  മകളാണ്. അമ്മ സുവര്‍ണ ദേവി കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മ്മ സേനാഗം  കൂടിയാണ്.സിവില്‍ സ്റ്റേഷനില്‍ നടന്ന മാലിന്യമുക്ത അവബോധന പരിപാടിയില്‍ ആദിത്യയെ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എസ്. ശ്രീജിത്ത് ഉപഹാരം നല്‍കി അനുമോദിച്ചു. ക്ലീന്‍ ഡ്രൈവ് വഴി ശേഖരിച്ച പ്ലാസ്റ്റിക് പ്രദര്‍ശനത്തിനു ശേഷം ക്ലീന്‍ കേരള കമ്പനിയ്ക്ക് കൈമാറും. പ്ലാസ്റ്റിക്കിന്റെ കൃത്യമായ സംസ്‌കരണം നടത്തുക, ഉപയോഗം കുറയ്ക്കുക, പുനരുപയോഗവും പുനര്‍ചക്രമണവും നടത്തുക എന്നീ സന്ദേശം പൊതുജനങ്ങള്‍ക്ക് നല്‍കുകയാണ് പരിപാടിയുടെ ലക്ഷ്യം. ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ്  ജൂനിയര്‍ സൂപ്രണ്ട്് വി.എ. ഷാനവാസ്, ഗ്രാമ സ്വരാജ് അഭിയാന്‍ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് എക്സ്പെര്‍ട്ട് വിജയ് ഘോഷ്, രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാന്‍ ജില്ലാ പ്രോജക്ട് മാനേജര്‍ ആര്‍. രാഹുല്‍, രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാന്‍ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments