കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളി വിന്‍സെന്റ് ഡീപോള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ഭവനത്തിന്റെ വെഞ്ചരിപ്പും താക്കോല്‍ദാനവും നടന്നു. വെഞ്ചരിപ്പ് കര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു. ഫൊറോനാ വികാരി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍ കുടുംബാംഗങ്ങള്‍ക്ക് കത്തിച്ച തിരിയും ഭവനത്തിന്റെ താക്കോലും കൈമാറി. ഹോം പാലാ പദ്ധതിയുടെ ഭാഗമായാണ് വിന്‍സെന്റ് ഡീപോള്‍ സൊസൈറ്റി കടുത്തുരുത്തി യൂണിറ്റിന്റെ 75-ാം വാര്‍ഷികത്തോടുനുബന്ധിച്ച് ഭവനനിര്‍മാണം പൂര്‍ത്തിയാക്കിയത്. വിന്‍സെന്റ് ഡീപോള്‍ ഉപദേഷ്ടാവ് ഫാ.ജോസ് കോട്ടായില്‍, താഴത്തുപള്ളി സഹവികാരിമാരായ ഫാ.മാത്യു തയ്യില്‍, ഫാ.ജോസഫ്. ചീനോത്തുപ്പറമ്പില്‍, വീട് നിര്‍മാണത്തിനാവിശ്യമായ സ്ഥലം നല്‍കിയ യൂണിറ്റംഗമായ വെള്ളാശ്ശേരി പട്ടറക്കാല ജോയി, ഭാര്യ അച്ചാമ്മ, ഭവനനിര്‍മാണത്തിന് നേതൃത്വം നല്‍കിയ വിന്‍സെന്റ് ഡീപോള്‍ സൊസൈറ്റി യൂണിറ്റ് പ്രസിഡന്റ് ജോര്‍ജ് പുളിക്കീല്‍, സെക്രട്ടറി ബാബു അന്നാശ്ശേരി, വിന്‍സെന്റ് ഡീപോള്‍ ഭാരവാഹികള്‍ തുടങ്ങി നിരവധി പേര്‍ ഭവനത്തിന്റെ വെഞ്ചരിപ്പ് ചടങ്ങില്‍ പങ്കെടുത്തു.
ഹോം പാലാ പദ്ധതിയുടെ ഭാഗമായി ഇടവകയില്‍ പൂര്‍ത്തിയാക്കിയ 11 -ാമത്തെയും വിന്‍സെന്റ് ഡീപോള്‍ സൊസൈറ്റി കടുത്തുരുത്തി യൂണിറ്റിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കുന്ന നാലാമത്തെയും ഭവനത്തിന്റെ വെഞ്ചരിപ്പാണ് ബിഷപ്പ് നിര്‍വഹിച്ചത്. തന്റെ വീടിന് സമീപത്തെ നാല് സെന്റ് സ്ഥലം ജോയിയും കുടുംബവും ഭവനനിര്‍മാണത്തിനായി വിന്‍സെന്റ് ഡീപോള്‍ സൊസൈറ്റിക്ക് സൗജന്യമായി വിട്ടു നല്‍കുകയായിരുന്നു. 14 അംഗങ്ങളുള്ള യൂണിറ്റംഗങ്ങള്‍ സ്വന്തം പണം മുടക്കിയാണ് ഭവനനിര്‍മാണം പൂര്‍ത്തിയാക്കിയത്. ടൈല്‍ പാകിയ 650 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ പൂര്‍ത്തിയാക്കിയ വീടിന് 10.50 ലക്ഷത്തോളം രൂപയാണ്വേണ്ടിവന്നത്.
0 Comments