കേന്ദ്ര ബജറ്റില്‍ കേരളത്തോട് കടുത്ത അവഗണനയെന്ന് ഫ്രാന്‍സിസ് ജോര്‍ജ് എം.പി. കേരളം ഉന്നയിച്ച 14 ആവശ്യങ്ങളില്‍ ഒന്നു പോലും പരിഗണിച്ചിട്ടില്ല. ഉടനെ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ഡല്‍ഹി, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളെ മുന്നില്‍ കണ്ടിട്ടാണ് എന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള പ്രഖ്യാപനങ്ങള്‍ ആണ് ധനകാര്യമന്ത്രി നടത്തിയിരിക്കുന്നത്. ബജറ്റിന്റെ പ്രധാനപ്പെട്ട മേഖലയായി 4 കാര്യങ്ങള്‍ ആണ് പറഞ്ഞിരിക്കുന്നത്. കൃഷിയെ പ്രോല്‍സാഹിപ്പിക്കുമെന്ന് പറയുമ്പോഴും ബീഹാറിലെ താമരക്കുരു, പരുത്തി എന്നീ കൃഷികളെക്കുറിച്ചു മാത്രമാണ് ബജറ്റില്‍ പരാമര്‍ശിക്കുന്നത്. 2022 മുതല്‍ സമരം ചെയ്യുന്ന കര്‍ഷകരുടെ ആവശ്യങ്ങളായ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുക, പെന്‍ഷന്‍ അനുവദിക്കുക, താങ്ങ് വില നിയമ വിധേയമാക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ ഒന്നും കണ്ടില്ലന്ന് നടിക്കുന്ന സമീപനമാണ് ബജറ്റില്‍ കാണുന്നതെന്ന് ഫ്രാന്‍സിസ് ജോര്‍ജ് ആരോപിച്ചു.
.

. വയനാട് ദുരന്തത്തെ കുറിച്ച് പരാമര്‍ശം പോലും ബജറ്റിലില്ല. റബ്ബറിന് മിനിമം വില ഉറപ്പാക്കാന്‍ 1000 കോടി രൂപയുടെ പദ്ധതി, നെല്ല് സംഭരണത്തിന് 2000 കോടി രൂപയുടെ പദ്ധതി , മനുഷ്യരെ വന്യജീവികളില്‍ നിന്ന് സംരക്ഷിക്കുന്നതിന് വേണ്ടി 1000 കോടി രൂപയുടെ പദ്ധതി എന്നിങ്ങനെ കേരളം ഉന്നയിച്ച ആവശ്യങ്ങള്‍ ഒന്നും കേന്ദ്രമന്ത്രി പരിഗണിച്ചില്ലന്ന് അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം തുറമുഖ പദ്ധതി വികസനത്തിന് 5000 കോടി ലഭ്യമാക്കുന്നത് സംബന്ധിച്ച് ഒന്നും പറഞ്ഞിട്ടില്ല. വേമ്പനാട്ട് കായല്‍ സംരക്ഷണത്തിനായി പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന ധനകാര്യമന്ത്രിയോട് നേരില്‍ കണ്ട് ആവശ്യപ്പെട്ടിട്ടും അതും പരിഗണിച്ചില്ലന്ന് ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. ശബരി റെയില്‍ പാത സംബന്ധിച്ചും യാതൊരു പരാമര്‍ശവും ഇല്ല. കോട്ടയം റയില്‍വേ സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കുവാന്‍ സാധിക്കുന്ന വിധത്തില്‍ ടെര്‍മിനല്‍ സ്റ്റേഷന്‍ ആക്കണമെന്നുള്ള ആവശ്യവും പരിഗണിച്ചില്ല. ബജറ്റ് ചര്‍ച്ചാ വേളയില്‍ ലോക്‌സഭയില്‍ കേരളത്തിന്റെയും പ്രത്യേകിച്ച് കോട്ടയത്തിന്റെയും ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും ഫ്രാന്‍സിസ് ജോര്‍ജ് വ്യക്തമാക്കി.
0 Comments