Breaking...

9/recent/ticker-posts

Header Ads Widget

രജിസ്‌ട്രേഷന്‍ വകുപ്പില്‍ ആധുനികവല്‍ക്കരണ നടപടികള്‍ - മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍



ആധാരം ഡിജിറ്റലാക്കുന്നതടക്കമുള്ള ആധുനികവല്‍ക്കരണ നടപടികള്‍ രജിസ്‌ട്രേഷന്‍ വകുപ്പില്‍ നടപ്പാക്കി വരികയാണെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഒരു ജില്ലയ്ക്കകത്തുള്ള ആധാരങ്ങള്‍ ജില്ലയിലെ ഏതു രജിസ്ട്രാര്‍ ഓഫീസിലും രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കി വരികയാണ്. കോട്ടയം ജില്ലാ രജിസ്ട്രാര്‍ ഓഫീസ് സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രജിസ്‌ട്രേഷന്‍ -മ്യൂസിയം - പുരാവസ്തു -പുരാരേഖാ വകുപ്പുമന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. 

.


. അടുത്ത ഘട്ടത്തില്‍ സംസ്ഥാനത്തെവിടെയും ആധാരങ്ങള്‍  രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം ഒരുക്കും. ആധാരം രജിസ്‌ട്രേഷനായി തീയതിയും സമയവും മുന്‍കൂട്ടി നിശ്ചയിച്ചു കൊണ്ടുള്ള ടോക്കണ്‍ സമ്പ്രദായം ഏര്‍പ്പെടുത്തും. രജിസ്ട്രാര്‍ ഓഫീസുകളിലെ മുഴുവന്‍ പണമിടപാടുകളും ഇ പേയ്‌മെന്റ് , ഇ പോസ് സംവിധാനങ്ങള്‍ വഴിയാക്കും. വിവാഹ രജിസ്‌ട്രേഷന്‍ അപേക്ഷ ഓണ്‍ലൈനായി നല്‍കാം. ഈസ് ഓഫ് ഡൂയിങ് ബിസിനസിന്റെ ഭാഗമായി കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങളാണ് വകുപ്പ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. രജിസ്‌ട്രേഷന്‍, റവന്യൂ, സര്‍വേ വകുപ്പുകളെ സംയോജിപ്പിച്ചു കൊണ്ടുള്ള 'എന്റെ ഭൂമി' പോര്‍ട്ടല്‍ നടപ്പാക്കുന്നതിലൂടെ ആധാരം രജിസ്‌ട്രേഷന്‍ കൂടുതല്‍ സുഗമവും സുതാര്യവുമാക്കാന്‍ കഴിയും. ആധാരം രജിസ്റ്റര്‍ ചെയ്യുന്നതിനോടൊപ്പം തന്നെ പോക്കുവരവു നടത്തി ഭൂമിയുടെ ഡിജിറ്റല്‍ സ്‌കെച്ചടക്കം അന്നുതന്നെ ഉടമയ്ക്ക് ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. എല്ലാ വിലയ്ക്കുമുള്ള മുദ്രപത്രങ്ങളും ഇ- സ്റ്റാമ്പിങിലൂടെ ലഭ്യമാക്കും. നൂറു വര്‍ഷത്തിലധികം പഴക്കമുള്ള സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ കിഫ്ബി പദ്ധതിയില്‍പ്പെടുത്തി പുനര്‍നിര്‍മ്മിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.കളക്ടറേറ്റിലെ ജില്ലാ രജിസ്ട്രാര്‍ ഓഫീസിലെത്തിയ മന്ത്രിയെ ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍, രജിസ്‌ട്രേഷന്‍ ഐ.ജി. ശ്രീധന്യ സുരേഷ്,  ജില്ലാ രജിസ്ട്രാര്‍ എബി ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഓഫീസിലെ സൗകര്യങ്ങളേക്കുറിച്ച് മന്ത്രി ജീവനക്കാരോട് ചോദിച്ചറിഞ്ഞു. ഇരുപതു മിനിറ്റോളം ജില്ലാ രജിസ്ട്രാര്‍ ഓഫീസില്‍ മന്ത്രി ചെലവഴിച്ച ശേഷമാണ് മടങ്ങിയത്.


Post a Comment

0 Comments