തൈപ്പൂയ മഹോത്സവത്തോടനുബന്ധിച്ച് കിടങ്ങൂര്‍ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലേക്ക് വിവിധ ക്ഷേത്രങ്ങളില്‍ നിന്നുമെത്തിയ കാവടി ഘോഷയാത്രകള്‍ ഭക്തിനിര്‍ഭരമായി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ കാവടി ഘോഷയാത്ര നീങ്ങിയപ്പോള്‍ സുബ്രഹ്‌മണ്യ കീര്‍ത്തനങ്ങളുമായി ഭക്തജനങ്ങളും പങ്കു ചേര്‍ന്നു.
.
കിടങ്ങൂര്‍ ഉത്തമേശ്വരം ശിവക്ഷേതം കാളിയമ്മന്‍ കോവില്‍ ചിറപ്പുറം ഭജനമഠം എന്നിവിടങ്ങളില്‍ നിന്നുമാണ് ഭസ്മക്കാവടി ഘോഷയാത്രകള്‍ ആരംഭിച്ചത്. വ്രതവിശുദ്ധിയോടെ കാവടിയേന്തിയവരും ഭക്തജനങ്ങളും ഘോഷയാത്രയില്‍ അണിനിരന്നു. വേലായുധ സ്വാമിയോടുള്ള ഭക്തിയുടെ പാരമ്യതയില്‍ കവിളില്‍ ശൂലം കുത്തിയവരും ഘോഷയാത്രയ്‌ക്കൊപ്പം നീങ്ങി. നീളമുള്ള ശൂലം കവിളിലൂടെ കയറ്റി ഏഴുപേര്‍ ഒന്നിച്ചു നീങ്ങിയതും ഘോഷയാത്രയില്‍ ശ്രദ്ധേയമായി. വാദ്യമേളങ്ങളുടെ താളത്തിനൊപ്പം ദേവതാ രൂപങ്ങളും നുത്തച്ചുവടുകളുമായി ക്ഷേത്രത്തിലേക്കു നീങ്ങി. നൂറുകണക്കിന് ഭക്തര്‍ സുബ്രഹ്‌മണ്യ കീര്‍ത്തനങ്ങളുമായി കാവടി ഘോഷയാത്രയില്‍ പങ്കു ചേര്‍ന്നു. കാവടി ഘോഷയാത്രകള്‍ ക്ഷേത്രാങ്കണത്തിലെത്തിയ ശേഷം കാവടി അഭിഷേകവും വിശേഷാല്‍ പൂജകളും നടന്നു. തൈപ്പൂയ മഹോത്സവത്തോടനുബന്ധിച്ച് രാവിലെ പാല്‍ക്കാവടിയും വൈകീട്ട് ഭസ്മക്കാവടിയുമാണ് നടന്നത്. ക്ഷേത്രസംരക്ഷണ സമിതിയുടെയും വിവിധ ഭക്തസംഘടനകളുടെയും നേതൃത്വത്തിലാണ് തൈപ്പൂയ മഹോത്സവത്തെ ഭക്തിസാന്ദ്രമാക്കി കിടങ്ങൂര്‍ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലേക്ക് കാവടി ഘോഷയാത്രകള്‍ നടത്തിയത്.
0 Comments