Breaking...

9/recent/ticker-posts

Header Ads Widget

മൂന്നിലവിലെ കടപുഴ പാലം തകര്‍ന്ന് ആറ്റില്‍ പതിച്ചു.



2021-ല്‍ ശക്തമായ മഴയില്‍ തകര്‍ച്ചയിലായ മൂന്നിലവിലെ കടപുഴ പാലം തകര്‍ന്ന് ആറ്റില്‍ പതിച്ചു.   പുനര്‍നിര്‍മ്മാണ നടപടികള്‍ അനന്തമായി നീളുന്നതിനിടെയാണ് സംഭവം. അപകടകരമെങ്കിലും പാലത്തിലൂടെ ആളുകളും ചെറുവാഹനങ്ങളും കടന്നുപോയിരുന്നു. പാലത്തിന്റെ സ്ലാബ് ആറ്റില്‍ പതിച്ചതോടെ ഇനി 20 കിലോമീറ്റര്‍ ചുറ്റുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല.  മൂന്നിലവ് പഞ്ചായത്തിലെ രണ്ട്, മൂന്ന്, നാല്, ഏഴ് വാര്‍ഡുകളിലെ ജനങ്ങള്‍ പൂര്‍ണമായി ആശ്രയിച്ചിരുന്ന കടപുഴ പാലമാണ് ഇല്ലാതായത്. 
പാലത്തിനപ്പുറത്ത് താമസിക്കുന്ന നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് അടക്കം 20 കിലോമീറ്റര്‍ ചുറ്റി വേണം മൂന്നിലവ് ടൗണിലെത്താന്‍. വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍ക്കല്ല് എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന ഈ റോഡിലൂടെ വാകക്കാട് സ്‌കൂളിലെ നിരവധി കുട്ടികളും സ്‌കൂള്‍ ബസ്സും യാത്ര ചെയ്തിരുന്നതാണ്.  പ്രളയത്തെ തുടര്‍ന്ന് 2022 ജൂലൈ 30 ഉണ്ടായ ഉരുള്‍പൊട്ടലില്‍ അപ്രോച്ച് റോഡ് തകര്‍ന്നിരുന്നു. ഇതുമൂലം വാകക്കാട് നിന്നും മേച്ചാല്‍, ചക്കിക്കാവ് ദേശത്തേക്കുള്ള ഗതാഗത മാര്‍ഗമാണ് അടഞ്ഞിരിക്കുന്നത്. സ്‌കൂളിലെത്താന്‍ അഞ്ച് കിലോമീറ്റര്‍ മാത്രം സഞ്ചരിക്കേണ്ടിയിരുന്ന കുട്ടികള്‍ക്ക് ഇപ്പോള്‍ 20 കിലോമീറ്റര്‍ എങ്കിലും ചുറ്റി സഞ്ചരിച്ചു വേണം സ്‌കൂളിലെത്താന്‍. കനത്ത പ്രളയത്തില്‍ പാലത്തിനു മുകളിലൂടെ വെള്ളം ഒഴുകുകയും സ്ലാബ് തെന്നിമാറി അപകടകമായ അവസ്ഥയിലുമായിരുന്നു. സ്ലാബിന്റെ ചെറിയൊരു ഭാഗം മാത്രമാണ് തൂണില്‍ ഉണ്ടായിരുന്നത്. കൂടുതല്‍ ദൂരം സഞ്ചരിക്കുന്നതൊഴിവാക്കാന്‍ ഇതിന് മുകളിലൂടെ കാറുകളടക്കം കടന്നുപോകുന്നത് പതിവായിരുന്നു. സ്ലാബ് താഴെ പതിച്ചതോടെ ഇനി ആറ്റിലിറങ്ങി കടക്കേണ്ട ദുരവസ്ഥയാണ്.

Post a Comment

0 Comments