Breaking...

9/recent/ticker-posts

Header Ads Widget

റോഡരികിലെ തോട് കൈയേറി മണ്ണിട്ട് നികത്തിയതായി പരാതി.




റോഡരികിലെ തോട് കൈയേറി മണ്ണിട്ട് നികത്തിയതായി പരാതി. സര്‍ക്കാരിന്റെ ദുരന്ത നിവാരണ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് സ്വാഭാവിക നീരൊഴുക്ക് തടസപ്പെടുത്തി റോഡരുകിലെ തോട് സ്ഥല ഉടമ മണ്ണിട്ട് നികത്തിയതായാണ്  പരാതി. മുത്തോലി പഞ്ചായത്ത് ഏഴാം വാര്‍ഡിലെ   വെള്ളിയേപ്പള്ളി-ഇടയാറ്റുകര പൊതുമരാമത്ത് ഗ്രാമീണറോഡിനോട് ചേര്‍ന്ന് ഒഴുകുന്ന ചെറുതോടാണ് നികത്തിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് റോഡിന് വിട്ടുകൊടുത്തശേഷം ഇവിടെയുള്ള കൈത്തോടിന്റെ കരയില്‍ അവശേഷിക്കുന്ന ഒരു സെന്റോളം വരുന്ന ഭൂമിയുടെ മറവിലാണ്  കയ്യേറ്റം. പാലായിലെ അഭിഭാഷകനായ സ്ഥലമുടമയാണ് തോട് മണ്ണിട്ട് നികത്തി  അനധികൃത കയ്യേറ്റം നടത്തിയത്. 

ഇതിനെതിരെ പഞ്ചായത്ത് നടപടി സ്വീകരിക്കാത്തതിനാല്‍ ജില്ലാ ദുരന്ത നിവാരണ സമിതി ചെയര്‍മാന്‍കൂടിയായ കലക്ടര്‍ക്കും പാലാ ആര്‍ഡിഒ, മീനച്ചില്‍ വില്ലേജ് ഓഫീസര്‍, മുത്തോലി പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്കും നാട്ടുകാര്‍ ഭീമ ഹര്‍ജി നല്‍കി. തോടിന്റെ മധ്യഭാഗം വരെ കയ്യേറി കിണര്‍ സ്ഥാപിച്ചശേഷമായിരുന്നു  തോട് മണ്ണിട്ട് നികത്തിയത്. കയ്യേറ്റം ഒഴിപ്പിച്ച് നീരൊഴുക്കി പുനസ്ഥാപിച്ചില്ലെങ്കില്‍ വര്‍ഷകാലമാകുന്നതോടെ പതിനഞ്ചോളം വീടുകള്‍ വെള്ളത്തില്‍ മുങ്ങും. ദിവസങ്ങള്‍ നീളുന്ന വെള്ളക്കെട്ട് മൂലം ഇടയാറ്റുകര, കപ്പിലുമാന്തോട്ടം ഭാഗം പൂര്‍ണ്ണമായും തെങ്ങുംതോട്ടം ഭാഗങ്ങളിലുമുള്ള ഇരുനൂറ്റമ്പതില്‍പരം കുടുംബങ്ങളുടെ യാത്രാസൗകര്യവും തടസപ്പെടും.  കാലവര്‍ഷമാകുന്നതോടെ പതിവായി കരകവിഞ്ഞൊഴുകുന്ന മീനച്ചില്‍ തോടിന്റെ കൈവഴിയായ മുണ്ടുതോട്ടിലേക്ക് ചേരുന്ന ഭാഗത്ത് അര നൂറ്റാണ്ടിലേറെയായുള്ള കൈത്തോടാണ് നികത്തിയത്. ഒരു വര്‍ഷം മുന്‍പ് തോട് കയ്യേറി കിണര്‍ സ്ഥാപിച്ചശേഷം തോട് മണ്ണിട്ട് നികത്തിയിരുന്നു. നാട്ടുകാരുടെ പരാതിയില്‍ റവന്യൂ അധികൃതര്‍ ഇടപെട്ട്  തോട്ടിലെ മണ്ണ് നീക്കം ചെയ്തിരുന്നു. കിണര്‍ സ്ഥാപിച്ചത് മൂലം തോട്ടിലെ നീരൊഴുക്ക് തടസപ്പെട്ടതോടെ നാട്ടുകാര്‍ വാര്‍ഡ് സഭയില്‍ വിഷയം ഉന്നയിച്ചിരുന്നു. ഇതേതുടര്‍ന്ന് തടസം നീക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ വാര്‍ഡ് സഭയില്‍ നല്‍കിയ ഉറപ്പും ലംഘിച്ചാണ് വീണ്ടും കയ്യേറ്റം നടത്തിയത്. റോഡരുകിലെ വളവോട് കൂടിയ ഭാഗത്തെ തോട് മണ്ണിട്ട് നികത്തി  നാല് സെന്റിലേറെ ഭൂവിസ്തൃതി നേടിയ  ഇവിടെ  കെട്ടിടം നിര്‍മ്മിക്കാനാണ് ശ്രമം നടക്കുന്നത്.

Post a Comment

0 Comments