ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വഞ്ചിനാട് എക്‌സ്പ്രസ്സിനും, മലബാര്‍ എക്‌സ്പ്രസിനും സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ജനകീയ വികസന സമിതി പ്രതിഷേധ സംഗമം നടത്തി. പ്രതിഷേധ സംഗമം അതിരമ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് ജോസ് അമ്പലക്കുളം ഉദ്ഘാടനം ചെയ്തു. ജനകീയ വികസന സമിതി പ്രസിഡണ്ട് ബി. രാജീവ് അധ്യക്ഷത വഹിച്ചു. വഞ്ചിനാട് എക്‌സ്പ്രസ്, മലബാര്‍ എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ക്ക് ഏറ്റുമാനൂരില്‍ സ്റ്റോപ്പ് അനുവദിക്കുന്നത് വരെ സമരപരിപാടിയുമായി മുന്നോട്ടുപോകുമെന്നും, സ്റ്റോപ്പ് അനുവദിക്കുന്നില്ലങ്കില്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കും എന്നും പ്രതിഷേധ സംഗമത്തില്‍ പങ്കെടുത്തവര്‍ വ്യക്തമാക്കി.
തിരുവനന്തപുരം ഭാഗത്തേക്ക് രാവിലെ പോകുവാന്‍ ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഒരു ട്രെയിന്‍ പോലും ഇല്ലാത്തത് ഈ സ്റ്റേഷനെ ആശ്രയിക്കുന്നവര്‍ നേരിടുന്ന വലിയ പ്രതിസന്ധിയാണ്. തിരുവനന്തപുരം ഭാഗത്തേക്ക് ആദ്യ ട്രെയിന്‍ ഉച്ചകഴിഞ്ഞ് 3.15 ന് പരശുരാം എക്‌സ്പ്രസ് മാത്രമാണ്. ജോലിക്കും ചികിത്സ ആവശ്യത്തിനുമായി തിരുവനന്തപുരത്തിന് പോവുകയും മടങ്ങുകയും ചെയ്യുന്ന 100 കണക്കിന് യാത്രക്കാര്‍ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ എത്തിയാണ് യാത്ര ചെയ്യുന്നത്. ആം ആദ്മി ജില്ലാ പ്രസിഡന്റ് ജോയി ആനിത്തോട്ടം, കേരള കോണ്‍ഗ്രസ് ( ജോസഫ) ഹൈപവര്‍ കമ്മിറ്റി മെമ്പര്‍ അഡ്വക്കേറ്റ് മൈക്കിള്‍ ജെയിംസ്, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഏറ്റുമാനൂര്‍ മണ്ഡലം പ്രസിഡണ്ട് ജോയി പൂവംനില്‍ക്കുന്നതില്‍, പഞ്ചായത്ത് മെമ്പര്‍ ബിജു വലിയമല, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജെയിംസ് കുര്യന്‍, ആം ആദ്മി പാര്‍ട്ടി ഭാരവാഹികളായ അഭിലാഷ് കുര്യന്‍, ജോയി ചാക്കോ, പി.ബി രാജേഷ്, വ്യാപാരി വ്യവസായി സംഘടനാ നേതാക്കളായ സിറിള്‍ ജി നരിക്കുഴി, സെബാസ്റ്റ്യന്‍ വേകത്താനം, വികസന സമിതി ഭാരവാഹികളായ മോഹന്‍കുമാര്‍ മംഗലത്ത്, രാജു ഇമ്മാനുവല്‍, പി.എച്ച് ഇക്ബാല്‍, സ്വാമി ആശാന്‍, ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രതിനിധികളായ സജീവ് കണ്മണി, പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് അജാസ് വടക്കേടം, മറ്റം റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് റൈസ ബീഗം തുടങ്ങിയവര്‍ പ്രതിഷേധ സംഗമത്തിന് നേതൃത്വം നല്‍കി.
0 Comments