കുടക്കച്ചിറയില്‍ പകല്‍സമയത്ത് കുറുക്കന്റെ അക്രമത്തില്‍ യുവാവിന് പരിക്കേറ്റു. കുടക്കച്ചിറ ഹൈസ്‌കൂള്‍ ജംഗ്ഷനില്‍ ഉച്ച സമയത്ത് പാഞ്ഞെത്തിയ കുറുക്കന്റെ അക്രമത്തില്‍ ജംഗ്ഷനിലെ വ്യാപാരിയായ മുല്ലമംഗലത്ത് അരുണിനാണ് പരിക്കേറ്റത്. കുറുക്കന്‍ അരുണിന്റെ പിന്നാലെ വീണ്ടും ചാടി വീണെങ്കിലും അരുണ്‍ കൈയില്‍ കിട്ടിയ വടി ഉപയോഗിച്ച് പ്രതിരോധിക്കുകയായിരുന്നു. സമീപ ഓട്ടോറിക്ഷാ സ്റ്റാന്‍ഡിലും ജംഗ്ഷനിലുമുള്ളവര്‍ ഓടി മാറിയതിനാല്‍ കടിയേല്‍ക്കാതെ രക്ഷപെട്ടു.
അടിയേറ്റ കുറുക്കന്‍ അല്പ സമയത്തിനു ശേഷം ചത്തുവീണു. പരിക്കേറ്റ അരുണിനെ ഉഴവൂര്‍ ഗവ: ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്കും മാറ്റി. ഏറെ നാള്‍ മുമ്പ് സമീപ പ്രദേശമായ ചക്കാമ്പുഴയിലും കുറുക്കന്റെ കടിയേറ്റ് നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. കരൂര്‍ പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ കുറുക്കനും മുള്ളന്‍ പന്നിയുമടക്കമുള്ളവയുടെ ശല്യം വര്‍ദ്ധിച്ചതായി നാട്ടുകാര്‍ പറയുന്നു.
0 Comments