വീട്ടില്‍ ആളില്ലാത്ത സമയത്ത് മുന്നറിയിപ്പില്ലാതെ വീട് ജപ്തി ചെയ്തതായി ആക്ഷേപം. നീണ്ടൂര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ ഡപ്യൂട്ടി കവലയ്ക്കു സമീപം ആനിവേലിച്ചിറയില്‍ ഫല്‍ഗുനന്റെ വീടാണ് ജപ്തി ചെയ്തത്. മരുന്നും വസ്ത്രവും ഭക്ഷണവും ഭക്ഷണസാധനങ്ങളും ഒന്നും എടുക്കാന്‍ അനുവദിക്കാതെ വീട്ടുകാര്‍ അറിയാതെ വീട് ജപ്തി ചെയ്തതായി ഫല്‍ഗുനനും ഭാര്യ മിനിയും പറയുന്നു. മകളുടെ പേരിലും മറ്റൊരാളുടെ പേരിലുമായി 25 ലക്ഷം രൂപയാണ് ഇവര്‍ വീടും സ്ഥലവും വാങ്ങുന്നതിനായി കേരള ഗ്രാമീണ്‍ ബാങ്കില്‍ നിന്നും വായ്പ എടുത്തിരുന്നത്. ഭര്‍ത്താവ് കൂലിവേലപ്പണിക്കും ഭാര്യ അടുത്ത ബന്ധുവിന്റെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട ആശുപത്രിയില്‍ സഹായിയായി പോവുകയും ചെയ്ത സമയത്താണ് ബാങ്ക് അധികൃതര്‍ ജപ്തി നടപടികള്‍ പൂര്‍ത്തീകരിച്ചത്.
ജോലികഴിഞ്ഞ് ഫല്‍ഗുനനും ആശുപത്രിയില്‍ നിന്നും മിനിയും മടങ്ങി എത്തിയപ്പോഴാണ് ബാങ്ക് തങ്ങളുടെ വീട് ജപ്തി ചെയ്ത കാര്യം ഇവര്‍ അറിയുന്നത്. ബാങ്കിന് പണം നല്‍കാന്‍ ഉണ്ടെന്നും എന്നാല്‍ സാമാന്യ മര്യാദ കാണിച്ചില്ലെന്നും ആണ് ഇരുവരും ആക്ഷേപം ഉന്നയിക്കുന്നത്. ബാങ്കിന്റെ ജപ്തി നടപടികള്‍ക്കെതിരെ കോടതിയുമായി ബന്ധപ്പെട്ട നിയമനടപടികളും കുടുംബം നടത്തിയിരുന്നു. എന്നാല്‍ ഇതിനെയെല്ലാം മറികടന്നാണ് ഇപ്പോള്‍ ബാങ്കിന്റെ നടപടി എന്നാണ് ആക്ഷേപം. സര്‍ഫാസി ആക്ട് പ്രകാരമാണ് ജപ്തിനടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. ബാങ്കിന്റെ ജപ്തി നടപടി ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്നും കുടുംബവുമായി ബന്ധപ്പെട്ടുവെന്നും നീണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രദീപ് കുമാര്‍ പറഞ്ഞു.
കുടുംബത്തിന് ആശ്വാസം പകരുന്നതിനായി ബാങ്ക് അധികൃതരുമായി ബന്ധപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുവാന്‍ മറ്റൊരാളുടെ ബാങ്ക് ഇടപാടുകള്‍ ബാക്കി നിന്നിരുന്ന വീടാണ് ഇവര്‍ വാങ്ങിയത്. രണ്ടു പെണ്‍മക്കളുടെ വിവാഹം നടത്തിയതു മൂലമുള്ള കടവും സ്ഥിര വരുമാനം ഇല്ലാത്തത് മൂലമുള്ള സാമ്പത്തിക ബാധ്യതയാണ് കുടുംബം നേരിടുന്നത്. ജപ്തി നടപടിയെ തുടര്‍ന്ന് കുടുംബം വീടിന് പുറത്തായതോടെ ഇന്നലെ ബന്ധുവീട്ടിലാണ് ഇവര്‍ അന്തിയുറങ്ങിയത്. ഉടുതുണിക്ക് മറുതുണിയില്ലാതെ പുറത്തിറങ്ങേണ്ടി വന്നതും മരുന്നും മറ്റും എടുക്കാന്‍ കഴിയാത്തതും ഇവരെ മാനസികമായും അസ്വസ്ഥരാക്കിയിട്ടുണ്ട്.
0 Comments