കടുത്തുരുത്തി അര്‍ബന്‍ സഹകരണ ബാങ്കിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപനവും ഉമ്മന്‍ചാണ്ടി കാരുണ്യ സ്പര്‍ശം പദ്ധതി ചികിത്സാസഹായ വിതരണ ഉദ്ഘാടനവും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ നിര്‍വഹിച്ചു. കേരളത്തിന്റെ പൊതു സമൂഹം കൃതജ്ഞതാപൂര്‍വ്വം ഓര്‍ക്കുന്ന പൊതുപ്രവര്‍ത്തകനും ജനസേവകനും ആയിരുന്നു ഉമ്മന്‍ചാണ്ടി എന്ന് അദ്ദേഹം പറഞ്ഞു. കൂടുതല്‍ ജനങ്ങള്‍ക്ക് ചികിത്സ സഹായങ്ങള്‍ നല്‍കുവാന്‍ ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ വഴി സാധ്യമാകുന്നത് മാതൃകാപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കടുത്തുരുത്തി ഗൗരി ശങ്കരം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ ബാങ്ക് ചെയര്‍മാന്‍ സുനു ജോര്‍ജ് അധ്യക്ഷത വഹിച്ചു.
ജനവിശ്വാസം ഉള്‍ക്കൊണ്ടുകൊണ്ടാണ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും ജീവനക്കാര്‍ അടക്കമുള്ളവരുടെ സഹകരണത്തിലാണ് ചികിത്സാസഹായ പദ്ധതി നടപ്പിലാക്കുന്നതെന്നും ബാങ്ക് ചെയര്‍മാന്‍ പറഞ്ഞു.
ഫ്രാന്‍സിസ് ജോര്‍ജ് എംപിയും മുന്‍ എംഎല്‍െ കെസി ജോസഫും ചേര്‍ന്ന് ചികിത്സ സഹായ ധന വിതരണം നിര്‍വഹിച്ചു.
ജനസേവനത്തിന് ഉമ്മന്‍ചാണ്ടിയുടെ മാതൃകയാണ് പൊതുപ്രവര്‍ത്തകര്‍ എന്നും പിന്തുടരുന്നതെന്നും ദാരിദ്ര്യവും ദുഃഖവും അനുഭവിക്കുന്ന ജനങ്ങളെ കാരുണ്യപൂര്‍വ്വം പരിഗണിച്ച ജനനേതാവാണ് ഉമ്മന്‍ചാണ്ടി എന്നും ഇരുവരും അഭിപ്രായപ്പെട്ടു. മോന്‍സ് ജോസഫ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. പിഎം മാത്യു എക്‌സ് എംഎല്‍എ, ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷ്, കെപിസിസി അംഗം ടി. ജോസഫ്, മാഞ്ഞൂര്‍ മോഹന്‍കുമാര്‍, ഫിലിപ്പ് ജോസഫ്, ബാങ്ക് വൈസ് ചെയര്‍മാന്‍ സാoമ്പജി, ലൂക്കോസ് മാക്കില്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് താഹ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments