പാലായില്‍ പ്രായപൂര്‍ത്തിയാകാത്ത മകന്‍ ഓടിച്ച ബൈക്കിടിച്ച് കാല്‍നടയാത്രക്കാരി മരിച്ച സംഭവത്തില്‍ വാഹനത്തിന്റെ രജിസ്റ്റേര്‍ഡ് ഉടമസ്ഥനായ അച്ഛന്‍ പ്രതിയായി. ഫെബ്രുവരി 13 ന് പ്രവിത്താനം ആശുപത്രിയ്ക്കു സമീപം ഉണ്ടായ വാഹനാപകടത്തില്‍ കാല്‍നട യാത്രക്കാരിയായ ളാലം അന്തിനാട് മഞ്ഞക്കുന്നേല്‍ റോസമ്മ മാണി മരിച്ച സംഭവത്തിലാണ് നടപടി. അപകടത്തിന് കാരണമായ മോട്ടോര്‍സൈക്കിള്‍ ഓടിച്ചിരുന്നത് വാഹനഉടമയുടെ പ്രായപൂര്‍ത്തിയാകാത്ത മകനായിരുന്നു. ളാലം പയപ്പാര്‍ അന്ത്യാളം ഭാഗത്ത് ചെരിവുപുരയിടത്തില്‍ വീട്ടില്‍ രാജേഷിനെ പ്രതിയാക്കിയാണ് പോലീസ് കേസ്സ് രജിസ്റ്റര്‍ ചെയ്തത്.
അപകടത്തിന് കാരണമായ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ ഒരു വര്‍ഷത്തേക്ക് ക്യാന്‍സല്‍ ചെയ്യുന്നതിനുള്ള നടപടി മോട്ടോര്‍ വാഹന വകുപ്പും സ്വീകരിച്ചു. സംഭവസമയം വാഹനം ഓടിച്ച പ്രായപൂര്‍ത്തിയാകാത്ത മകനെതിരെ ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡിന് വിവരത്തിന് റിപ്പോര്‍ട്ട് നല്‍കും. വാഹനം ഓടിച്ച കുട്ടിക്ക് 25 വയസ്സാകുന്നത് വരെ ലൈസന്‍സ് ലഭിക്കുന്നതിന് വിലക്കും വരും. നഷ്ടപരിഹാരത്തുകയും രജിസ്‌ട്രേഡ് ഉടമ നല്‍കേണ്ടിവരും. വരാന്‍പോകുന്ന അവധിക്കാലത്ത് കുട്ടികള്‍ ഇങ്ങനെയുള്ള പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാതിരിക്കാന്‍ രക്ഷകര്‍ത്താക്കള്‍ ജാഗ്രത കാണിക്കണമെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ് എ. ഐ. പി. എസ് നിര്‍ദേശിച്ചു.
0 Comments