Breaking...

9/recent/ticker-posts

Header Ads Widget

പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച്



സ്വര്‍ണ്ണ വ്യാപാരിയുടെ മരണം പോലീസ് മര്‍ദ്ദനം മൂലമാണെന്ന് ആരോപിച്ച് വിശ്വകര്‍മ്മ ആചാര്യ സമിതിയുടെ ആഭിമുഖ്യത്തില്‍  കടുത്തുരുത്തി പോലീസ് സ്റ്റേഷനിലേക്ക്  പ്രതിഷേധ മാര്‍ച്ച് നടത്തി. മുഹമ്മയിലെ സ്വര്‍ണവ്യാപാരിയായിരുന്ന പൊന്നാട്ടു പണിക്കാപറമ്പില്‍ രാധാകൃഷ്ണന്റെ മരണത്തിന് കാരണം കടുത്തുരുത്തി പോലീസിന്റെ മര്‍ദ്ദനത്തെ തുടര്‍ന്നാണെന്നും, കാരണക്കാരായ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ റെനീഷ്  അടക്കമുള്ളവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുമാണ് പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തിയത്.   സ്വാമി സാധു  കൃഷ്ണാനന്ദ സരസ്വതി പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. 


സുതാര്യവും നീതിപൂര്‍വവുമായ അന്വേഷണം നടക്കണമെന്നും കുടുംബത്തിന് നീതി കിട്ടണമെന്നും പോലീസ് ഉദ്യോഗസ്ഥനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ഉദ്ഘാടകന്‍ ആവശ്യപ്പെട്ടു.
രാവിലെ 11 മണിക്ക് ബ്ലോക്ക് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച പ്രതിഷേധ മാര്‍ച്ചില്‍ വിവിധ വിശ്വകര്‍മ്മ സംഘടന ഭാരവാഹികള്‍ പങ്കെടുത്തു. മാര്‍ച്ച് പോലീസ് സ്റ്റേഷനു സമീപം പോലീസ് ബാരിക്കേഡ് ഉയര്‍ത്തി  തടഞ്ഞു. വിശ്വ ബ്രാഹ്‌മണ ആചാര്യ സമിതി അധ്യക്ഷന്‍ ആചാര്യ കെ സുരേഷ് അധ്യക്ഷത വഹിച്ചു. രാഷ്ട്രീയകാര്യ സമിതി സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ രവീന്ദ്രന്‍ വാകത്താനം, എകെവിഎം എസ് മീനച്ചില്‍ താലൂക്ക് യൂണിയന്‍ പ്രസിഡണ്ട് അനില്‍ ആറുകാക്കല്‍, ഓള്‍ കേരള ഗോള്‍ഡ് മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ആക്ടിംഗ് ജനറല്‍ സെക്രട്ടറി ജോയി പഴേമഠം, കെ.കെ ചന്ദ്രന്‍ വിജയനാഥ് അനീഷ് കൊക്കര, സുനില്‍ ആലുവ, ദീപു എരുമേലി തുടങ്ങിയവര്‍ പ്രസംഗിച്ചു. 

പോലീസ് കസ്റ്റഡിയില്‍ ഇരിക്കെ മരണപ്പെട്ട രാധാകൃഷ്ണന്‍ ആചാരിയുടെ ഭാര്യയും അമ്മയും മകനും സമരവേദിയില്‍ എത്തിയിരുന്നു.  തൊണ്ടി മുതല്‍ വാങ്ങിയെന്ന പേരില്‍ പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്ത രാധാകൃഷ്ണന്‍ മരണമടഞ്ഞത് പോലീസ്മര്‍ദ്ദനത്തെ തുടര്‍ന്നാണെന്നും പോലീസിന്റെ ഭാഗത്ത് നിന്നും നീതിപൂര്‍വമായ പെരുമാറ്റം ഉണ്ടായില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.സംഭവത്തിന്റെ നടുക്കുന്ന ഓര്‍മ്മകള്‍ മരണമടഞ്ഞ രാധാകൃഷ്ണന്റെ മകന്‍ യോഗത്തില്‍ വിശദീകരിച്ചു.

Post a Comment

0 Comments