Breaking...

9/recent/ticker-posts

Header Ads Widget

കുമാരിച്ചേച്ചിക്ക് ഇനി അടച്ചുറപ്പുള്ള വീട്ടില്‍ അന്തിയുറങ്ങാം.



കുമാരിച്ചേച്ചിക്ക് ഇനി അടച്ചുറപ്പുള്ള വീട്ടില്‍ അന്തിയുറങ്ങാം. കിടങ്ങൂര്‍ സൗത്ത് പന്ത്രണ്ടാം വാര്‍ഡില്‍ സ്ഥിരതാമസക്കാരിയായ കുന്നപ്പള്ളി മറ്റത്തില്‍ സരള ചന്ദ്രന്‍ എന്ന കുമാരിച്ചേച്ചിയുടെ ചിരകാല സ്വപ്നമായിരുന്നു മക്കളെയും കൊണ്ട് അടച്ചുറപ്പുള്ള ഒരു വീട്ടില്‍ ഇനിയുള്ള കാലം താമസിക്കുക എന്നത്. കാലപ്പഴക്കം കൊണ്ട് ജീര്‍ണ്ണിച്ചതും വാസയോഗ്യം അല്ലാത്തതുമായ  വീടിന്റെ ശോചനീയാവസ്ഥ നേരില്‍ കണ്ട പന്ത്രണ്ടാം വാര്‍ഡ് മെമ്പര്‍ ദീപാ സുരേഷ് ഇക്കാര്യം കിടങ്ങൂര്‍ സൗത്ത് കൂടാരപ്പള്ളി പ്രദീപ് നായര്‍ രാധ ദമ്പതികളെ അറിയിക്കുകയായിരുന്നു. ഇതിനോടകം പുതിയതും പുതുക്കി പണിതതുമായി 26 ഓളം കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കിയ കൂടാരപ്പള്ളി പ്രദീപ് നായര്‍ രാധാ ദമ്പതികള്‍ കുമാരിച്ചേച്ചിയുടെ വീടിന്റ ശോച്യാവസ്ഥ നേരില്‍കണ്ട് ബോദ്ധ്യപ്പെട്ടതിനെ തുടര്‍ന്ന്  വാസയോഗ്യമായ രീതിയില്‍ പുതുക്കിപ്പണിത് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. 

ഉള്‍വശം ടൈല്‍ വിരിച്ച്, ചോര്‍ന്നൊലിക്കുന്ന മേല്‍ക്കൂര മാറ്റി ഷീറ്റിട്ട്, ബാത്‌റൂമും അടുക്കളയും നവീകരിച്ച് കുമാരിച്ചേച്ചിയുടെ ഇഷ്ടത്തിന് അനുസരിച്ച് വീട് പുതുക്കി പണിത് നല്‍കുകയായിരുന്നു ഈ ദമ്പതികള്‍. രാവിലെ അയല്‍ക്കാരുടെയും കരയോഗം ഭാരവാഹികളുടെയും റസിഡന്റ്‌സ് അസോസിയേഷന്‍ അംഗങ്ങളുടേയും മറ്റ് ബന്ധുമിത്രാദികളുടെയും സാന്നിദ്ധ്യത്തില്‍ പ്രദീപ് നായര്‍ രാധ ദമ്പതികളില്‍ നിന്ന് കുമാരി ചേച്ചി വീടിന്റെ താക്കോല്‍ ഏറ്റുവാങ്ങി. ഈശ്വര നിയോഗമാണ് ഇത്തരം കാര്യങ്ങള്‍ തങ്ങളെക്കൊണ്ട് ചെയ്യിക്കുന്നത് എന്നും സഹജീവികളോട് കരുണയുള്ളവരായിരിക്കാനാണ് നമ്മള്‍ എപ്പോഴും ശ്രമിക്കേണ്ടത് എന്നും പ്രദീപ് നായര്‍ രാധ ദമ്പതികള്‍ പറഞ്ഞു. 

കുറഞ്ഞ ചിലവില്‍ വീടുപണിക്ക് നേതൃത്വം നല്‍കിയ കോണ്‍ട്രാക്ടര്‍ സന്തോഷിന് പൊന്നാട അണിയിച്ച് ആദരിച്ചു. കുമാരിച്ചേച്ചിക്കും മക്കള്‍ക്കും അടച്ചുറപ്പുള്ള വാസയോഗ്യമായ ഒരു വീട് എന്ന തന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയതിന്റെ സന്തോഷത്തിലാണ് പന്ത്രണ്ടാം വാര്‍ഡ് മെമ്പര്‍ ദീപാ സുരേഷ്. പ്രദീപ് നായര്‍ രാധാ ദമ്പതികളെ ദീപാ സുരേഷ് പൊന്നാട അണിയിച്ച് ആദരിച്ചു. വാര്‍ഡ് മെമ്പര്‍ ദീപ സുരേഷ്, സനല്‍കുമാര്‍, ദിലീപ് കുമാര്‍, അജയകുമാര്‍ വൈഖരി, രശ്മി രാജേഷ്, കരയോഗം ഭാരവാഹികള്‍ റസിഡന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 

Post a Comment

0 Comments