കല്ലറ പഞ്ചായത്തിലെ പെരുന്തുരുത്തില്‍ സജ്ജമാക്കിയ വഴിയോര വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനവും ഇതോടു ചേര്‍ന്ന് സ്ഥാപിച്ച വഴിയച്ഛന്റെ പൂര്‍ണ്ണമായ പ്രതിമയുടെ അനാച്ഛാദന കര്‍മ്മവും നടന്നു. മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പടിഞ്ഞാറ് മേഖലയില്‍ 300 ലധികം റോഡുകള്‍ നിര്‍മ്മിക്കുവാന്‍ മുന്നിട്ടിറങ്ങിയ വഴിയച്ഛന്റെ ഓര്‍മ്മകള്‍ വരും തലമുറ ഓര്‍മ്മിക്കപ്പെടേണ്ടത് ആണെന്ന് മന്ത്രി പറഞ്ഞു. പൗരോഹിത്യത്തിന്റെ ചട്ടക്കൂടില്‍ നിന്നും സാമൂഹ്യ സേവനത്തിന്റെ വഴിയിലേക്ക് ഇറങ്ങിയ വഴിയച്ചന്‍ എന്ന വിളിപ്പേരില്‍ അറിയുന്ന ഫാദര്‍ തോമസ് വിരുത്തിയില്‍ പടിഞ്ഞാറന്‍ മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ വലുതാണെന്നും അദ്ദേഹം പറഞ്ഞു.
കല്ലറ പ്രദേശവാസികളുടെ വികാരം ഉള്‍ക്കൊണ്ടാണ് ഗ്രാമപഞ്ചായത്തും നാടും ഒത്തുചേര്‍ന്ന് വഴിയച്ഛന്റെ പ്രതിമ സ്ഥാപിക്കുവാന്‍ മുന്നിട്ടിറങ്ങിയതെന്ന് കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോണി തോട്ടുങ്കല്‍ പറഞ്ഞു. കല്ലറ വെച്ചൂര്‍ റോഡ് എന്ന സ്വപ്നം സാക്ഷാത്കരിക്കുക വഴി വിവിധ പ്രദേശങ്ങളിലേക്കുള്ള യാത്ര ദൈര്‍ഘ്യം കുറയ്ക്കുവാനും ജനതയുടെ യാത്ര സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുവാനും കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജോണ്‍സണ്‍ കൊട്ടുകാപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് പി വി സുനില്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അമ്പിളി മനോജ്, പ്രോഗ്രാം കോഡിനേറ്റര്‍ ജോയ് കോട്ടായില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ ശില്പി ദിലീഷിനെ മന്ത്രി ആദരിച്ചു. നൂറുകണക്കിന് ആളുകളാണ് പ്രതിമ ആച്ഛാദന ചടങ്ങുകളില്‍ പങ്കുചേര്‍ന്നത്
0 Comments