പാലാ നഗരസഭയുടെ വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍ വനിതാ വികസന കോര്‍പ്പറേഷന്‍ ഏറ്റെടുക്കുന്നു. ഹോസ്റ്റല്‍ നവീകരിച്ച് പ്രവര്‍ത്തനസജ്ജമാക്കി വനിതാ ജീവനക്കാര്‍ക്ക് പ്രയോജനപ്പെടുത്തുന്നതിനായി സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനും നഗരസഭയും കരാര്‍ ഒപ്പുവച്ചു. 75-ല്‍ പരം വനിത ജീവനക്കാര്‍ക്ക് ഇവിടെ ചുരുക്കിയ നിരക്കില്‍ താമസ സൗകര്യം ലഭ്യമാകും.നഗരസഭയ്ക്ക് PWD നിരക്കില്‍ പ്രതിമാസ വാടകയും നല്‍കും. ഹോസ്റ്റല്‍ പ്രവര്‍ത്തനം കോര്‍പറേഷന്‍ ഏറ്റെടുക്കുന്നതോടെ നിലവിലുള്ള മന്ദിരത്തിലെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും.
ക്യാന്റീന്‍ സൗകര്യം, കുട്ടികള്‍ക്കായി ക്രഷ്, വ്യായാമകേന്ദ്രം എന്നിവയും സജ്ജീകരിക്കും. കരാറില്‍ വനിതാ വികസന കോര്‍പ്പറേഷന്‍ റീജണല്‍ ഡയറക്ടര്‍ എം.ആര്‍.രങ്കനും നഗരസഭാ സെക്രട്ടറി ജൂഹി മരിയാ ടോമുമാണ് ഒപ്പുവച്ചത്. നഗരസഭാ ചെയര്‍മാന്‍ തോമസ് പീറ്റര്‍, വൈസ് ചെയര്‍മാന്‍ ബിജി ജോജോ, വനിതാ വികസന കോര്‍പ്പറേഷന്‍ ഭരണസമിതി അംഗം പെണ്ണമ്മ ജോസഫ് ,വിക സനകാര്യസ്ഥിരം സമിതി അദ്ധ്യക്ഷന്‍ സാവിയോ കാവുകാട്ട് മുനിസിപ്പല്‍ എന്‍ജിനീയര്‍ എ. സിയാദ് എന്നിവരും പങ്കെടുത്തു. വനിതാ വികസന കോര്‍പ്പറേഷന്റെ ജില്ലയിലെ പ്രഥമ ഹോസ്റ്റല്‍ സംരഭമാണിതെന്ന് ഡയറക്ടര്‍ പെണ്ണമ്മ ജോസഫ് പറഞ്ഞു. ലീസിന് നഗരസഭ ഭൂമി വിട്ടു തന്നാല്‍ ബൃഹത് ഹോസ്റ്റല്‍ ഫെസിലിറ്റി നിര്‍മ്മിക്കുവാനും വനിതാ വികസന കോര്‍പ്പറേഷന് പദ്ധതിയുണ്ടെന്ന് പെണ്ണമ്മ ജോസഫ് അറിയിച്ചു. ഇതു സംബന്ധിച്ച് കോര്‍പ്പറേഷന്‍ നഗരസഭയുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തി.
0 Comments