പിഞ്ചുകുഞ്ഞുങ്ങള്‍ക്കൊപ്പം അഡ്വ ജിസ്‌മോള്‍ തോമസ് ജീവനൊടുക്കിയ സംഭവത്തിന്റെ ഞെട്ടലിലാണ് ജന്മനാടായ മുത്തോലി. അഭിഭാഷക എന്ന നിലയിലും മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിലുമെല്ലാം ജനങ്ങള്‍ക്ക് പ്രിയങ്കരിയായിരുന്നു ജിസ്‌മോള്‍. മുത്തോലി പഞ്ചായത്തിലെ 13-ാം വാര്‍ഡായ പടിഞ്ഞാറ്റില്‍കരയെ പ്രതിനിധീകരിച്ച് തെരഞ്ഞെടുക്കപ്പെട്ട അഡ്വ.ജിസ് ഒന്‍പതു മാസത്തോളം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും വഹിച്ചു. വാര്‍ഡ് മെമ്പറായിരുന്ന മാതാവ് ലിസി തോമസ് വാഹനാപകടത്തില്‍ മരണമടഞ്ഞതിനെ തുടര്‍ന്ന് നടത്തിയ ഉപതെരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ് പ്രതിനിധിയായി ജിസ്‌മോള്‍ തെരഞ്ഞെടുക്കപ്പെട്ടത്.
സൗമ്യമായ പെരുമാറ്റവും എല്ലാവരോടും നല്ല ബന്ധം കാത്തുസൂക്ഷിക്കുകയും ചെയ്ത ജിസ് മോളുടെ മരണം ഞെട്ടിപ്പിക്കുന്നതായിരുന്നുവെന്ന് പഞ്ചായത്ത് പ്രസിഡന്റ്റ് രഞ്ജിത് മീനാഭവന്‍ പറഞ്ഞു. പഞ്ചായത്തംഗങ്ങള്‍ക്കും, നാട്ടുകാര്‍ക്കുമെല്ലാം ജിസ്‌മോളെക്കുറിച്ച് നല്ലതു മാത്രമെ പറയാനുള്ളു. പടിഞ്ഞാറ്റിന്‍കരക്കാര്‍ക്കും ജിസ്‌മോളുടെ അകാലത്തിലെ വേര്‍പാടിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ കണ്ണീരടക്കാന്‍ കഴിയുന്നില്ല. ദാരുണ സംഭവമറിഞ്ഞ് നിരവധിയാളുകള്‍ ആശുപത്രിയിലെത്തിയിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഏറ്റുമാനൂര്‍ നീറിക്കാട് തൊണ്ണന്‍മാവുങ്കല്‍ ജിമ്മിയുടെ ഭാര്യയായ ജിസ്‌മോള്‍, മക്കളായ നേഹ പൊന്നു എന്നിവര്‍ക്കൊപ്പം പേരൂരില്‍ മീനച്ചിലാറ്റില്‍ ചാടി മരണമടഞ്ഞത്. അഭിഭാഷകയായും രാഷ്ട്രീയപ്രവര്‍ത്തകയായും പഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തന പരിചയമുള്ള 34 കാരിയായ ജിസ്‌മോള്‍ തോമസ് കുട്ടികള്‍ക്കൊപ്പം ആത്മഹത്യ ചെയ്യാനിടയാക്കിയ സാഹചര്യത്തെക്കുറിച്ച് അന്വേഷണംനടക്കുകയാണ്.
0 Comments