നവീകരിച്ച കോട്ടയം മെഡിക്കല്‍ കോളജ് ബസ് സ്റ്റാന്റ് ഗതാഗതത്തിനായി തുറന്നു കൊടുത്തു. ആര്‍പ്പുക്കര ഗ്രാമപഞ്ചായത്ത് 2024- 25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 40 ലക്ഷം രൂപ ചെലവിട്ടാണ് ബസ് സ്റ്റാന്‍ഡ് നവീകരിച്ചത്. നവീകരിച്ച ബസ് സ്റ്റേഷന്റെ ഉദ്ഘാടനം ഫ്രാന്‍സിസ് ജോര്‍ജ് എം.പി നിര്‍വഹിച്ചു. മെഡിക്കല്‍ കോളേജ് ബസ് സ്റ്റേഷനില്‍ എത്തുന്ന യാത്രക്കാരുടെ യാത്രാദുരിതം പരിഹരിക്കുവാനും ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ക്രമീകരിക്കാനും വെയിറ്റിംഗ് ഏരിയ, ശുചിമുറി സമുച്ചയം തുടങ്ങിയ അനുബന്ധ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് എം.പി പറഞ്ഞു.
ആര്‍പ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ദീപാ ജോസ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തിന്റെ ദീര്‍ഘവീക്ഷണമുള്ള പദ്ധതികളുടെ നടത്തിപ്പിന്റെ ഭാഗമായാണ് ബസ് സ്റ്റേഷന്‍ നവീകരണം സാധ്യമായതെന്നും ആധുനിക രീതിയിലുള്ള ഷോപ്പിംഗ് കോംപ്ലക്‌സ് സമുച്ചയം ബസ് സ്റ്റേഷനിനോട് ചേര്‍ന്ന് നിര്‍മ്മിക്കുമെന്നും അവര്‍ പറഞ്ഞു. പൊതു ഫണ്ട് ലഭ്യമായില്ലെങ്കില്‍ തനതു ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം നടത്താനാണ് തീരുമാനമെന്നും ഇതിലൂടെ പഞ്ചായത്തിന്റെ വരുമാനം വര്‍ദ്ധിപ്പിക്കാനാകുമെന്നും അവര്‍ വ്യക്തമാക്കി. ജില്ലാ പഞ്ചായത്തു മെമ്പര്‍ ഡോ. റോസമ്മ സോണി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ അന്നമ്മ മാണി, എല്‍സി കെ തോമസ്, സബിതാ ജോമോന്‍, പഞ്ചായത്തംഗങ്ങളായ അരുണ്‍ ഫിലിപ്പ്, സുനിതാ ബിനു, ജെസ്റ്റിന്‍ ജോസഫ്, ലൂക്കോസ് ഫിലിപ്പ്, അഞ്ജു മനോജ്, റോസ്ലി ടോമിച്ചന്‍ റോയി പുതുശ്ശേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments