പോലീസ് ഉദ്യോഗസ്ഥരുടെ മര്‍ദനമേറ്റ ഒഡീഷയിലെ ബഹരാംപുര്‍ രൂപതയിലെ ജൂബ ഇടവക പള്ളി വികാരി ഫാ. ജോഷി ജോര്‍ജ് വലിയകുളത്തിലിന്റെ വസതി കേരള കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ അഡ്വ.മോന്‍സ് ജോസഫ് എംഎല്‍എ, ഡപ്യൂട്ടി ചെയര്‍മാന്‍ അഡ്വ. ഫ്രാന്‍സീസ് ജോര്‍ജ് എംപി എന്നിവര്‍ സന്ദര്‍ശിച്ചു. ബന്ധുക്കളെ ആശ്വസിപ്പിച്ച ഇരുവരും ഫാ.ജോഷി ജോര്‍ജ് വലിയകുളവുമായി ഫോണില്‍ സംസാരിച്ചു. കഴിഞ്ഞദിവസം പള്ളിയില്‍ അതിക്രമിച്ചുകയറിയാണ് പോലീസ് വൈദികനെ മര്‍ദിച്ചത്.
പള്ളിക്കു സമീപമുള്ള ഗ്രാമത്തില്‍ നടന്ന റെയ്ഡില്‍ കഞ്ചാവ് പിടികൂടിയതിനെ തുടര്‍ന്നു നടത്തിയ തുടര്‍ പരിശോധനയ്ക്കിടയാണ് പോലീസ് പള്ളിയിലെത്തിയത്. പള്ളിയിലുണ്ടായിരുന്ന ആളുകളെ പരിശോധിക്കാനും മര്‍ദിക്കാനും തുടങ്ങിയപ്പോള്‍ തടയാനെത്തിയ ഇടവക ഫാ.ജോഷി ജോര്‍ജ് വലിയകുളത്തെ പോലീസ് സംഘം ക്രൂരമായി മര്‍ദിക്കുകയായിരുന്നു. വടക്കേന്ത്യന്‍സംസ്ഥാനങ്ങളില്‍ അടിക്കടി ആവര്‍ത്തിക്കപ്പെടുന്ന ക്രൈസ്തവവേട്ടക്കെതിരേ പാര്‍ലമെന്റില്‍ വിഷയം ഉന്നയിക്കുമെന്നു ഫ്രാന്‍സീസ് ജോര്‍ജ് എംപി അറിയിച്ചു. രാജ്യത്ത് ക്രൈസ്തവസഭ വൈദികര്‍ക്കും സന്യസ്തര്‍ക്കും വിശ്വാസികള്‍ക്കുമെതിരേ നടക്കുന്ന ആക്രമണത്തില്‍ പ്രതിഷേധിച്ചു കേരളകോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തൊട്ടാകെ പ്രതിഷേധസമരങ്ങള്‍ സംഘടിപ്പിക്കുമെന്ന് അഡ്വ.മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു.
0 Comments