ഭഗവതി ക്ഷേത്രങ്ങളില്‍ മീനഭരണി ഉത്സവം നടന്നു. ഭദ്രകാളി അധര്‍മ്മത്തിന് മേല്‍ വിജയം നേടിയ ദിവസമാണ് മീനഭരണിയായി ആചരിക്കുന്നത്. കെട്ടുകാഴ്ച, ഗരുഡന്‍ തൂക്കം, പൊങ്കാല തുടങ്ങിയ ആഘോഷങ്ങളോട് കൂടി വിവിധ ക്ഷേത്രങ്ങളില്‍ മീനഭരണി ഉത്സവം നടന്നു. ഐങ്കൊമ്പ് പാറേക്കാവ് ഭഗവതി ക്ഷേത്രത്തില്‍ മീനഭരണി മഹോത്സവത്തോട് അനുബന്ധിച്ച് പൊങ്കാല നടന്നു. നിരവധി സ്ത്രീകള്‍ പൊങ്കാല ചടങ്ങുകളില്‍ പങ്കെടുത്തു. രാവിലെ ഉഷപൂജ, എതൃത്തപൂജ, പുരാണപാരായണം എന്നിവയ്ക്ക് ശേഷം രാവിലെ ഏഴരയോടെ പൊങ്കാല ചടങ്ങുകള്‍ ആരംഭിച്ചു.
പൊങ്കാല ദീപപ്രകാശനവും ഉദ്ഘാടനവും ശബരിമല മാളികപ്പുറം മുന്‍ മേല്‍ശാന്തി ബ്രഹ്‌മശ്രീ ഹരിഹരന്‍ നമ്പൂതിരി നിര്‍വഹിച്ചു. തന്ത്രിമുഖ്യന്‍ കുരുപ്പക്കാട്ടില്ലം ബ്രഹ്‌മശ്രീ നാരായണന്‍ നമ്പൂതിരി പൊങ്കാല അടുപ്പില്‍ അഗ്നി പകര്‍ന്നു. തുടര്‍ന്ന് പൊങ്കാല സമയത്ത് തൃപ്പൂണിത്തുറ രാഹേഷിന്റെ സോപാനസംഗീതം അരങ്ങേറി. രാവിലെ ഒന്‍പതരയോടെ പൊങ്കാല നിവേദ്യ സമര്‍പ്പണം നടന്നു. ഉച്ചയ്ക്ക് 12.30ന് മഹാപ്രസാദമൂട്ട് നടന്നു. രാത്രി 7.30ന് ആറാട്ടിന് സ്വീകരണം, 8ന് മേജര്‍ സെറ്റ് പഞ്ചവാദ്യം, പാണ്ടിമേളം, രാത്രി 10ന് കൊടിയിറക്ക്, 10.30ന് തീചാമുണ്ഡി ഗുളികന്‍ തെയ്യം അവതരണം എന്നിവയാണ് ആറാട്ട് ദിവസത്തിലെ പ്രധാന ചടങ്ങുകള്‍.
0 Comments