പാഴ്വസ്തുക്കള്‍ കൊണ്ട് വഴിയോരത്ത് ആകര്‍ഷകമായ വിശ്രമ കേന്ദ്രം ഒരുക്കി മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത്. ഉഴവൂര്‍ കുറവിലങ്ങാട് റോഡില്‍ പൂവത്തിങ്കലിലാണ് പാഴ്‌വസ്തുക്കള്‍ ഉപയോഗിച്ച് വിശ്രമ സൗകര്യത്തോടു കൂടിയ ആരാമം നിര്‍മ്മിച്ചത്. നേരത്തെ മാലിന്യം തള്ളുന്നതിന് ഉപയോഗിച്ചിരുന്ന സ്ഥലമാണിത്. വെയ്സ്റ്റ് ടൂ ആര്‍ട്ട് എന്ന് പേരിട്ട പദ്ധതി പ്രകാരമാണ് ഇവിടം സൗന്ദര്യവല്കരിച്ചത്.
ഇതിനായി ഒരു ലക്ഷം രൂപയാണ് നീക്കി വച്ചിരിയ്ക്കുന്നത്. പഞ്ചായത്ത് സാങ്കേതി വിഭാഗമാണ് ഇതിന്റെ രൂപകല്പന നിര്‍വ്വഹിച്ചിരിക്കുന്നത്. കുപ്പികള്‍ കൊണ്ട് വിവിധ വര്‍ണ്ണങ്ങളില്‍ തീര്‍ത്ത കേരളം ശ്രദ്ധേയമാണ്. ഹരിത കര്‍മ്മസേനാംഗങ്ങള്‍ ശേഖരിച്ച കുപ്പികള്‍ ഉപയോഗിച്ചാണ് ഇത് പൂര്‍ത്തീകരിച്ചത്. ഇവിടെയുണ്ടായിരുന്ന വലിയ കല്ലുകള്‍ കളര്‍ പൂശി മനോഹരമാക്കിയതിനൊപ്പം ഊഞ്ഞാല്‍, ഇരിപ്പിടങ്ങള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്.
0 Comments